മേലെ കൂമ്പാറ-പീടികപ്പാറ റോഡ് റീസർവേ വൈകുന്നതിൽ ദുരൂഹത ആരോപിച്ച് പ്രദേശവാസികൾ
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ മേലെ കൂമ്പാറ-പുന്നക്കടവ്-പീടികപ്പാറ റോഡ് റീ സർവേ നടപടികൾ വൈകുന്നതിൽ ദുരൂഹത ആരോപിച്ച് പ്രദേശവാസികൾ. നാട്ടുകാരുടെ പരാതിയിൽ റവന്യൂ അധികൃതർ പരിശോധിക്കുന്നുവെന്നല്ലാതെ റീസർവേയ്ക്കുള്ള നടപടി നീളുകയാണ്. ക്വാറി ഉടമകളെ വഴിവിട്ട് സഹായിക്കാൻ ചെറിയ റോഡ് നാട്ടുകാരറിയാതെ പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഭീമൻ റോഡാക്കി മാറ്റിയതോടെ സ്വന്തം ഭൂമി അന്യാധീനപ്പെടുമെന്ന ആശങ്കയിലാണ് നാല്പതോളം കുടുംബങ്ങൾ. കൈവശഭൂമിയുടെ അതിർത്തി നിർണയിക്കുക, സർവേക്കല്ലുകൾ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, കളക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, താമരശ്ശേരി താലൂക്ക് തഹസിൽദാർ, ഗ്രാമപ്പഞ്ചായത്ത്, വില്ലേജ് അധികൃതർ എന്നിവർക്ക് പ്രദേശവാസികൾ ഒട്ടേറെ നിവേദനങ്ങൾ നൽകിയെങ്കിലും റീസർവേ നടപടികൾക്ക് കാലതാമസം നേരിടുകയാണ്.
റോഡിന് പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ വീതി രേഖപ്പെടുത്തിയിരിക്കുന്നത് എട്ടുമീറ്ററാണ്. റോഡിനാകട്ടെ വീതി പലഭാഗങ്ങളിലും പകുതിയോളം മാത്രവും. ആധാരത്തിൽ തിട്ടപ്പെടുത്തിയ ഭൂമിമാത്രമാണ് കൈവശം വെച്ചുപോരുന്നതെന്നും റോഡിന് ഇത്രയും വീതിയുള്ള കാര്യം അടുത്തിടെയാണ് അറിയുന്നതെന്നും നാട്ടുകാർ പറയുന്നു. 3 കരിങ്കൽ ക്വാറികളും 1 ക്രഷർ യൂണിറ്റുമുള്ള പ്രദേശമാണിത്. ക്രഷറിന് അനുമതി ലഭിക്കണമെങ്കിൽ എട്ടുമീറ്റർ വീതിയുളള റോഡ് വേണമെന്ന ചട്ടമുള്ളതിനാൽ മുൻപഞ്ചായത്ത് അധികൃതർ കൃത്രിമം കാണിക്കുകയാണുണ്ടായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. അതേസമയം കളക്ടറുടെ വില്ലേജ് റോഡ് ഫണ്ട് ലഭ്യമാക്കാൻ റോഡിന് ആറുമുതൽ എട്ടുമീറ്റർ വീതി വേണമെന്നിരിക്കെ ഗ്രാമസഭയുടെ അംഗീകാരത്തോടെയാണ് 2005-2010 കാലത്തെ പഞ്ചായത്ത് ഭരണസമിതി തീരുമാനം കൈക്കൊണ്ടതെന്നാണ് മുൻ വാർഡ് മെമ്പർ സി.കെ കാസിം പ്രതികരിച്ചത്. റോഡിന് ക്രഷർ വരെ 1200 മീറ്റർ ദൂരമുണ്ടെന്നും തുടക്കത്തിൽ 6.40 മീറ്റർ വീതിയാണുള്ളതെന്നും നാലുമീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ടെന്നും 2022 സെപ്റ്റംബറിൽ പഞ്ചായത്ത് അസി. എൻജിനിയർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.