ഷട്ടർ നിർമ്മാണം നടത്താതെ കാൽനൂറ്റാണ്ടായി നോക്കുകുത്തിയായി റെഗുലേറ്റർ കം ബ്രിഡ്ജ്

കാരശ്ശേരി: മഴക്കാലത്തുപോലും കുടിവെള്ളം കിട്ടാനില്ലാത്ത പ്രദേശങ്ങൾക്ക് പരിഹാരമായി ജലം സംരക്ഷിച്ചു വിതരണം ചെയ്യാനാണ് കാരമൂല തോട്ടക്കടവിൽ ചെറുപുഴയ്ക്ക് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ചത്. എന്നാൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച റെഗുലേറ്റർ കം ബ്രിഡ്ജ് ഇന്നും ഉപയോഗിക്കാനായിട്ടില്ല. വെള്ളം സംഭരിച്ചു നിർത്താൻ വേണ്ട ഷട്ടറുകൾ നിർമിക്കാൻ പദ്ധതി സ്ഥാപിച്ച് 25 വർഷമായിട്ടും കഴിഞ്ഞിട്ടില്ല എന്നതാണ് കാരണം.
കൂടരഞ്ഞി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽപ്പെട്ട കൽപ്പൂര്, കൊട്ടാരപ്പറ്റ, പട്ടോത്ത്, കോവിലകത്തുംകടവ്, കാരശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെട്ട കാരമൂല, തോട്ടക്കടവ്, ആറാംബ്ലോക്ക്, മാങ്കുന്ന് ഭാഗങ്ങളിൽ താമസിക്കുന്ന ഭൂരിഭാഗം ജനങ്ങളുടെയും കുടിവെള്ള സ്രോതസ്സാണ് ചെറുപുഴ. കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളാണിതെല്ലാം.
ജല ക്ഷാമത്തിന്റെ അതിരൂക്ഷമായ അവസ്ഥയ്ക്ക് പരിഹാരമായാണ് ടി.എം ജേക്കബ് ജലസേചന വകുപ്പ് മന്ത്രിയായിരുന്നപ്പോൾ തോട്ടക്കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ചത്. ഷട്ടറിട്ട് വെള്ളം സംഭരിച്ചു നിർത്തി പുഴയോര ഗ്രാമങ്ങളിലെ കിണറുകളിലും കുളങ്ങളിലും ജലലഭ്യത വർധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. 2010ൽ ബ്രിഡ്ജിന് ഷട്ടർ നിർമിക്കണമെന്ന ആവശ്യവുമായി കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ചെറുകിട ജല സേചനവകുപ്പ് അധികൃതരെ സമീപിച്ചിരുന്നെങ്കിലും ഒരുനടപടിയും ഉണ്ടായില്ലെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താദേവി മൂത്തേടത്ത് പറഞ്ഞു.