Mukkam

എൻ.ഐ.ടിയിൽ പുതിയ വനിതാ ഹോസ്റ്റൽ കെട്ടിടം നിർമിക്കും

മുക്കം: ബിരുദ, ബിരുദാനന്തര, പിഎച്ച്.ഡി പ്രോഗ്രാമുകളിലെ വിദ്യാർഥിനികൾക്കായി പുതിയ ഹോസ്റ്റൽ നിർമിക്കാനൊരുങ്ങി എൻ.ഐ.ടി. നിലവിലുള്ള വനിതാ ഹോസ്റ്റലിനു സമീപം 3 ബ്ലോക്കുകളിലായി 10 നിലകളുള്ള ഹോസ്റ്റൽ കെട്ടിട സമുച്ചയമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എൻ.ഐ.ടി സമർപ്പിച്ച പദ്ധതിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു.

അത്യാധുനിക സൗകര്യങ്ങളോടെയാണ് ഹോസ്റ്റൽ നിർമിക്കാൻ ഉദ്ദേശിക്കുന്നതെന്ന് എൻ.ഐ.ടി.സി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. ഭിന്നശേഷി സൗഹൃദമായാണ് ഹോസ്റ്റൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2 പേർക്കു താമസിക്കാവുന്ന സൗകര്യങ്ങളോടെയുള്ള 380 മുറികളാണ് ഹോസ്റ്റൽ കോംപ്ലക്സിൽ ഉണ്ടാവുക. പുതിയ ഹോസ്റ്റൽ വരുന്നതോടെ 760 വിദ്യാർഥിനികൾക്കുള്ള താമസസൗകര്യം ലഭ്യമാകും. ഹയർ എജുക്കേഷൻ ഫിനാൻസിങ് ഏജൻസിയുടെ (ഹെഫാ) പിന്തുണയോടെയാണ് ഹോസ്റ്റൽ നിർമാണം പൂർത്തിയാക്കുക. 71.85 കോടിരൂപ ചെലവിലാണ് കെട്ടിടം നിർമിക്കുക.

ആർക്കിടെക്ചർ, സിവിൽ, ഇലക്‌ട്രിക്കൽ എൻജിനിയറിങ് വിഭാഗത്തിലെ വിദഗ്ധരുടെ പിന്തുണയോടെയാണ് കെട്ടിടത്തിന്റെ മാതൃക തയ്യാറാക്കിയത്. 2 മെഗാ ബോയ്‌സ് ഹോസ്റ്റലുകളും 1 ഇന്റർനാഷണൽ ഹോസ്റ്റലും ഉൾപ്പെടെ 12 ഹോസ്റ്റലുകളാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിലവിലുള്ളത്. വിവിധ ഹോസ്റ്റലുകളിൽ വിദ്യാർഥികൾക്ക് സിംഗിൾ ബെഡ്, ഡബിൾ ബെഡ്, ട്രിപ്പിൾ ബെഡ്, ഫോർ ബെഡ് താമസ സൗകര്യങ്ങളാണ് ലഭ്യമാക്കുന്നത്. ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി വിദ്യാർഥികൾക്ക് പ്രത്യേക ഹോസ്റ്റൽ സൗകര്യങ്ങൾ നിലവിലുണ്ട്.

Related Articles

Leave a Reply

Back to top button