ടൂറിസ വികസന സാധ്യതാ പഠനയാത്ര നടത്തി

തിരുവമ്പാടി: ദേശീയ, അന്തര്‍ദേശീയ ടൂറിസം മാപ്പുകളിൽ മലബാറിന്റെ പേരും ശ്രദ്ധേയമായ വിധത്തിൽ രേഖപ്പെടുത്തപ്പെടുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മലബാർ ടൂറിസം കൗൺസിലും ഇരവഞ്ഞിവാലി ടൂറിസം സൊസൈറ്റിയും ചേര്‍ന്ന് ക്ഷണിച്ചുവരുത്തിയ ടൂർ ഓപ്പറേറ്റർമാരുടെ സംഘം തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിലെ ടൂറിസം കേന്ദ്രങ്ങളിലും ഫാമുകളിലും റിസോർട്ടുകളിലും സന്ദർശനം നടത്തി.
മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേർന്ന പന്ത്രണ്ടംഗ ടീമിനെ ഇരവഞ്ഞിവാലി ടൂറിസം ഫാർമർ സൊസൈറ്റി പ്രസിഡന്റ് അജു എമ്മാനുവൽ, എം.ടി.സി വൈസ് പ്രസിഡണ്ട് പ്രിൻസ് സാം വിൽസൻ , പൂവാറംതോട് റിസോർട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എം മോഹനൻ, ജോബി പെരുങ്കാനായിൽ, കോടഞ്ചേരി ഫാം ടൂറിസ സൊസൈറ്റി സെക്രട്ടറി ഷിബു പുത്തൻപുരയിൽ തുടങ്ങിയവർ ചേര്‍ന്ന് സ്വീകരിച്ചു.
നിലവിൽ കേരളത്തിന്റെ ടൂറിസം പ്രവർത്തനങ്ങളുടെ 95 ശതമാനത്തോളം എറണാകുളം മുതലുള്ള തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് നടന്നുവരുന്നത്. രാജ്യത്തെയും വിദേശത്തേയും പ്രമുഖ ടൂർ ഓപ്പറേറ്റർമാരുടെ ലിസ്റ്റിൽ ഇതുവരെയും മലബാർ മേഖലയിലെ പ്രദേശങ്ങൾ ഉൾപ്പെട്ടിട്ടില്ല. ഈയൊരു സാഹചര്യത്തിന് മാറ്റം ഉണ്ടാവുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇന്ത്യയിലെ പ്രമുഖ ടൂർ ഓപ്പറേറ്റർമാരെ ക്ഷണിച്ചുകൊണ്ട് വന്ന് ഈ നാടിനെ നേരിൽകണ്ട് മനസ്സിലാക്കാനുള്ള അവസരങ്ങൾ അവർക്ക് നൽകുന്നത് എന്ന് എം.ടി.സി പ്രസിഡണ്ട് സജീർ പടിക്കൽ പറഞ്ഞു.
പൂവാറൻതോട്, കക്കാടംപൊയിൽ, ആനക്കാംപൊയിൽ, തുഷാരഗിരി എന്നിവിടങ്ങളിലെ പ്രകൃതി മനോഹാരിതയും തിരുവമ്പാടിയിലെ ഏതാനും ഫാം ടൂറിസം കേന്ദ്രങ്ങളും, ദ ടെയിൽസ്, ഡ്രീം റോക്ക്, പൂവാറൻതോട് ഹിൽവേ, ടേബിൾ ടോപ്പ്, പിനക്കിൾ ഇൻ തുടങ്ങിയ റിസോർട്ടുകളുമാണ് സംഘത്തിന് സന്ദർശിക്കുവാൻ അവസരം നൽകിയത്. പ്രദേശത്തെ സന്ദർശനത്തിന് ശേഷം വയനാട്ടിലേക്ക് രണ്ട് ദിവസത്തെ യാത്രയാണ് ഇവർക്കായി എം.ടി.സി തയ്യാറാക്കിയിരിക്കുന്നത്.