സുഹൃത്തിന്റെ വീട്ടിൽ മോഷണം; കുളിമുറിയിൽ ഒളിച്ച കള്ളനെ കുടുക്കി വീട്ടമ്മ
മുക്കം: പട്ടാപ്പകൽ വീട്ടിൽനിന്ന് സ്വർണമാല കവർന്ന് രക്ഷപ്പെടുന്നതിനിടെ ടെറസിൽനിന്ന് വീണതിനെത്തുടർന്ന് കുളിമുറിയിൽ ഒളിച്ച കള്ളനെ കുടുക്കി വീട്ടമ്മ. വീട്ടമ്മയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ കുളിമുറി തുറന്നപ്പോഴാണ് കള്ളൻ വീട്ടുടമയുടെ സുഹൃത്ത് ആണെന്ന് മനസ്സിലായത്. മുക്കം മണാശ്ശേരിയിലാണ് സംഭവം. മണാശ്ശേരി മേച്ചേരിപറമ്പിൽ എബിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ എബിന്റെ അമ്മയും ഭാര്യയും പുറത്തേക്കുപോയ സമയമാണ് കള്ളൻ സ്വർണമാല കവർന്നത്.
മോഷണത്തിനു ശേഷം വീടിന്റെ മുൻ വാതിലിലൂടെ പുറത്തേക്കിറങ്ങാൻ നോക്കുമ്പോഴാണ് എബിന്റെ അമ്മ തിരിച്ചുവരുന്നതു കണ്ടത്. തിരിച്ച് വീട്ടിനുള്ളിലേക്ക് ഒാടിയ കള്ളൻ കോണിവഴി ടെറസിൽക്കയറി താഴേക്കുചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ വീഴ്ചയിൽ താടിയെല്ലിന് പരിക്കേറ്റതോടെ വീടിന് പിന്നിലെ കുളിമുറിയിൽ രക്ഷതേടി. പിന്നാലെയെത്തിയ വീട്ടമ്മ കുളിമുറിയുടെ വാതിലടച്ച് നാട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. മോഷ്ടാവിനെ പിന്നീട് മുക്കം പോലീസിന് കൈമാറി. കള്ളൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വലിച്ചെറിഞ്ഞ സ്വർണമാല നാട്ടുകാർ നടത്തിയ തിരച്ചിലിൽ കണ്ടുകിട്ടി. പരാതിയില്ലെന്ന് വീട്ടുകാർ അറിയിച്ചതിനാൽ പോലീസ് കേസെടുത്തില്ല.