Mukkam

ആക്രിപെറുക്കി സ്കൂളിൽ ഗാന്ധിപാർക്ക് ഒരുക്കാൻ മുന്നിട്ടിറങ്ങി ഒരു പറ്റം വിദ്യാർത്ഥികൾ

മുക്കം: സാധാരണക്കാർ ആക്രിസാധനങ്ങൾ മാലിന്യമെന്ന് കരുതുമ്പോൾ അത് ശേഖരിച്ച് സ്കൂളിന്റെ മുഖച്ഛായ മാറ്റുകയാണ് ഒരുകൂട്ടം വിദ്യാർഥികൾ. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികളാണ് ആക്രിപെറുക്കി സ്കൂളിൽ പാർക്കുകൾ നിർമിക്കുന്നത്. സമീപപ്രദേശങ്ങളിലെ വീടുകളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽനിന്നും ആക്രി പെറുക്കിയും കലോത്സവ വേദികളിൽ ഫുഡ്ഫെസ്റ്റ് നടത്തിയുമാണ് ഇവർ സ്കൂൾ അങ്കണത്തിൽ പാർക്ക് നിർമിക്കുന്നത്. ഒന്നര ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഗാന്ധി പാർക്കിന്റെ നിർമാണം സ്കൂളിൽ പുരോഗമിക്കുകയാണ്. നാഷണൽ സർവീസ് സ്കീം സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ഗാന്ധിസ്മൃതി പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ ഗാന്ധിപാർക്ക് ഒരുക്കുന്നത്. ആദ്യഘട്ട സ്ക്രാപ്പ് ചലഞ്ചിലൂടെ മുപ്പതിനായിരത്തോളം രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചത്.

ഒഴിവു ദിവസങ്ങളിലും മറ്റും സ്കൂളിന് സമീപത്തെ വീടുകളിൽ നിന്നാണ് ആക്രി സാധനങ്ങൾ ശേഖരിച്ചത്. ശേഖരിച്ച സാധനങ്ങൾ വിദ്യാർഥികൾതന്നെ തരംതിരിച്ച് വിൽക്കുകയായിരുന്നു. ഇതിനിടെ സ്കൂൾ കലോത്സവ വേദിക്കരികിൽ ഫുഡ്ഫെസ്റ്റ് നടത്തി പതിനായിരത്തോളം രൂപ സമാഹരിച്ചു. വിദ്യാലയത്തിൽ എപ്പോഴും രാഷ്ട്രപിതാവിന്റെ സ്മരണ നിലനിർത്തുകയും അദ്ദേഹത്തിന്റെ ആശയങ്ങൾ വിദ്യാർഥികളിലേക്ക് എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. രണ്ടാംഘട്ട സ്ക്രാപ്പ് ചലഞ്ചിലൂടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവവിദ്യാർഥികളുടെയും സഹകരണത്തോടെ ബാക്കി തുക സമാഹരിച്ച് പ്രവൃത്തി പൂർത്തിയാക്കാനാണ് ആലോചന. പൂർവവിദ്യാർഥി മുർഷാദ് കാരാട്ടാണ് ഗാന്ധിപാർക്കിന്റെ രൂപരേഖ തയ്യാറാക്കിയത്. പാർക്കിൽ ഗാന്ധിജിയുടെ ഛായാചിത്രവും ഇരിപ്പിടങ്ങളും പൂന്തോട്ടവുമുണ്ടാകും.

Related Articles

Leave a Reply

Back to top button