ഒറ്റദിവസം 57 പേർക്ക് കൊറോണ; 50 പേരും തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ; തമിഴ്‌നാട്ടിൽ ഒറ്റയടിക്ക് കൊറോണ ബാധിതരുടെ എണ്ണം 124 ആയി

ചെന്നൈ: കൊറോണയെ മികച്ചരീതിയിൽ പ്രതിരോധിച്ചെന്ന ആത്മവിശ്വാസത്തിൽ കഴിഞ്ഞിരുന്ന തമിഴ്‌നാട്ടിന് കനത്തപ്രഹരമായി ഒറ്റദിവസംകൊണ്ട് 57 പേർക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ, സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 124 ആയി ഉയർന്നു. തമിഴ്‌നാട്ടിൽ സമൂഹവ്യാപനമെന്ന സംശയം ഉയർന്നപ്പോഴും അതിനെ തള്ളി കളയുകയാണ് സർക്കാർ ചെയ്തത്. എന്നാൽ, ഒറ്റദിനത്തിൽ 57 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഇതിലെ 50 പേരിൽ നിന്നാണ് മറ്റ് ഏഴുപേർക്ക് രോഗം ബാധിച്ചതെന്ന് വ്യക്തമാവുകയും ചെയ്തതോടെ സർക്കാരും പ്രതിസന്ധിയിലായി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 50 പേർ ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് ഏഷ്യൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. മറ്റു 7 പേർ രോഗികളുമായി സമ്പർക്കം പുലർത്തിയവരാണ്. ഇതിൽ തിരുവനന്തപുരത്തു ജോലി ചെയ്യുന്ന ചെന്നൈ പൊഴിച്ചെല്ലൂർ സ്വദേശിയും ഇന്നലെ രോഗം സ്ഥിരീകരിച്ചവരിലുൾപ്പെടും. ചെന്നൈയിൽ ജോലി ചെയ്തിരുന്ന തിരുവണ്ണാമല സ്വദേശിയാണു മറ്റൊരാൾ. ഇയാൾ തിരുവണ്ണാമലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.എല്ലാവരുടെയും നില തൃപ്തികരമാണെന്നു ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ, തമിഴ്‌നാട്ടിൽ 16 ജില്ലകളിൽ കോവിഡ് ബാധിതരായി.
സംസ്ഥാനത്തു ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 124 പേരിൽ 75 പേരും നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് ഏഷ്യൻ കോൺഫറൻസിൽ പങ്കെടുത്തവരോ അവരുമായി സമ്പർക്കത്തിലിരുന്നവരോ ആണ്. ഈ വിഭാഗത്തിൽപ്പെട്ട 3 പേർക്കു വില്ലുപുരത്തും 2 പേർക്കു മധുരയിലും ഇന്നലെ രോഗം സ്ഥിരീകരിച്ചു. കന്യാകുമാരി, തിരുനൽവേലി, നാമക്കൽ, തൂത്തുക്കുടി ജില്ലകളിലും ഇന്നലെ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തു നിന്നു 1136 പേർ യോഗത്തിൽ പങ്കെടുത്തുവെന്നാണു സർക്കാരിനു ലഭിച്ചിരിക്കുന്ന വിവരം.






