പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ സ്കൂളിൽ ശിശുദിനാഘോഷം നടത്തി
കൂടരഞ്ഞി : കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനമായ ശിശുദിനം വൈവിദ്ധ്യമാർന്ന പരിപാടികളോടെ പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ സ്കൂളിൽ ശിശുദിനാഘോഷം നടത്തി. രാവിലെ ചേർന്ന പ്രത്യേക അസംബ്ലിയിൽ വെള്ള വസ്ത്രങ്ങളും റോസാപ്പൂക്കളുമായി സ്കൂളിലെത്തിച്ചേർന്ന വിദ്യാർത്ഥികൾ അണിനിരന്നത് മനോഹര കാഴ്ചയായി മാറി.
വിദ്യാർത്ഥികളിൽ ആവേശം നിറച്ചു നടന്ന ശിശുദിന റാലി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഫ്ലാഗ് ഓഫ് ചെയ്ത് ശിശുദിന സന്ദേശം നൽകി. നെഹ്‌റു വേഷധാരികളായ വിദ്യാർത്ഥികൾ റാലി മുന്നിൽ നിന്ന് നയിച്ചു. വെള്ളയടക്കമുള്ള കളർ കോഡുകളിലുള്ള വിദ്യാർത്ഥികൾ അണിനിന്ന റാലിയിൽ നിരവധി പേർ നെഹ്‌റു തൊപ്പി ധരിച്ചായിരുന്നു പങ്കെടുത്തത്. ചാച്ചാജിയെക്കുറിച്ച് ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങളും ഈരടികളും ആവേശം ഇരട്ടിയാക്കി. സ്വന്തമായി നിർമ്മിച്ച പ്ലക്കാർഡുകളും റോസാപ്പൂക്കളും തൊപ്പികളുമെല്ലാമായാണ് വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തത്.
റാലിയ്ക്ക് ശേഷം കഥകളും പാട്ടും ഡാൻസുമായി നടന്ന ‘ആടാം പാടാം’ പരിപാടിക്ക് ട്രെയ്നറും മോട്ടിവേറ്ററുമായ ശ്രീ. തോമസ് അഗസ്റ്റിൻ നേതൃത്വം നൽകി.
തുടർന്ന് നടന്ന മധുരപലഹാര വിതരണവും കലാപരിപാടികളും ശിശുദിനത്തിന് കൂടുതൽ മിഴിവേകി. പ്രധാനധ്യാപകരായ ജിബിൻ പോൾ, ജെസി കെ.യു എന്നിവർ പ്രസംഗിച്ചു. ബൈജു എമ്മാനുവൽ, പ്രിൻസി പി.ടി, ഡോണ ജോസഫ്, അയോണ തോമസ്, മായ ബോബി, സീനത്ത് വി.കെ, ജോസി ജിമ്മി തുടങ്ങിയവർ റാലിയ്ക്കും മറ്റ് പരിപാടികൾക്കും നേതൃത്വം നൽകി.