യുവാവിന്റെ വധം; ഇരുവഴിഞ്ഞിപ്പുഴയിൽ നിന്ന് തൊണ്ടി മുതലുകൾ വീണ്ടെടുത്തു
കോടഞ്ചേരി: നിധിൻ തങ്കച്ചൻ വധക്കേസിലെ തെളിവിനാധാരമായ തൊണ്ടി മുതലുകൾ ഇരുവഴിഞ്ഞിപ്പുഴയിൽ രണ്ടിടങ്ങളിൽ നിന്നായി അഗ്നിരക്ഷാസേന മുങ്ങിയെടുത്തു. തെളിവ് നശിപ്പിക്കുന്നതിനായി പ്രതികൾ തിരുവമ്പാടി തമ്പലമണ്ണ പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് വലിച്ചെറിഞ്ഞ വസ്തുക്കളാണ് വീണ്ടെടുത്തത്.
കൊലപാതകം നടത്താൻ ഉപയോഗിച്ച നിധിൻ തങ്കച്ചന്റെ ബെൽറ്റും ഫോണും അഗസ്ത്യൻമുഴി പാലത്തിനു സമീപത്തെ പുഴയിൽ നിന്നാണ് കണ്ടെടുത്തത്. അഗ്നിരക്ഷാസേന സ്കൂബാ ടീമാണ് വസ്തുക്കൾ മുങ്ങിയെടുത്തത്. കഴിഞ്ഞ ദിവസം ഒരു ജോടി ചെരിപ്പും കണ്ടെത്തിയിരുന്നു.
കേസ് അന്വേഷിക്കുന്ന കോടഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ പ്രവീൺ കുമാറിന്റെ അഭ്യർഥനപ്രകാരം മുക്കം അഗ്നിരക്ഷാസേനയിലെ ഗ്രേഡ് അസി. ഫയർ ഓഫിസർ അബ്ദുൽ ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സംഘമാണ് തിരച്ചിൽ നടത്തിയത്.
ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പി. അഭിലാഷ്, ആർ.വി. അഖിൽ, കെ. അഭിനേഷ്, ചാക്കോ ജോസഫ് എന്നിവർ നടത്തിയ തിരച്ചിലിലാണ് തൊണ്ടി മുതലുകൾ കിട്ടിയത്.