Mukkam

കോഴിക്കോട് എൻ.ഐ.ടിയിലെ രാത്രികാലനിയന്ത്രണം: വിദ്യാർഥികൾ കാംപസ് ഉപരോധിച്ചു

മുക്കം : എൻ.ഐ.ടി.യിലെ രാത്രികാല നിയന്ത്രണത്തിനെതിരേ കാംപസ് ഉപരോധിച്ച് വിദ്യാർഥികൾ. വെള്ളിയാഴ്ച പുലർച്ചെ വിദ്യാർഥികൾ കൂട്ടത്തോടെയെത്തി കാംപസിലെ പ്രധാനകവാടങ്ങൾ ഉപരോധിച്ചതോടെ അധ്യാപകർക്കും ജീവനക്കാർക്കും കാംപസിനകത്തേക്ക് കയറാനായില്ല. രാത്രികാലനിയന്ത്രണം പിൻവലിക്കുന്നതുവരെ ക്ലാസുകൾ ബഹിഷ്കരിച്ച് കാംപസിൽ ശക്തമായ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് വിദ്യാർഥികൾ. രാത്രി പതിനൊന്നുമണിക്കുശേഷം കാംപസിൽ വിദ്യാർഥികൾക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞ ബുധനാഴ്ചയാണ് വിദ്യാർഥി ക്ഷേമവിഭാഗം ഡീൻ വിദ്യാർഥികൾക്ക് മെയിൽ അയച്ചത്. രാത്രി പതിനൊന്നിനുശേഷം വിദ്യാർഥികൾക്ക് കാംപസിനകത്തേക്ക് പ്രവേശിക്കാനോ പുറത്തേക്കു പോകാനോ കഴിയില്ലെന്നായിരുന്നു സന്ദേശം. വ്യാഴാഴ്ച അർധരാത്രി ഹോസ്റ്റലിൽ കയറിയ വിദ്യാർഥികൾ പുറത്തിറങ്ങാതിരിക്കാൻ സെക്യൂരിറ്റി ജീവനക്കാർ ഹോസ്റ്റൽ ഗേറ്റ് താഴിട്ടു പൂട്ടിയതോടെ നേരിയ സംഘർഷമുണ്ടായി. ഇതോടെ ഹോസ്റ്റൽ കെയർടേക്കർമാരെത്തി ഗേറ്റ് തുറന്നുനൽകുകയായിരുന്നു. പുറത്തിറങ്ങിയ വിദ്യാർഥികൾ പാട്ടുപാടിയും കഥകൾപറഞ്ഞും പുലർച്ചെവരെ ഹോസ്റ്റലിനു പുറത്തിരുന്നു. നേരം പുലർന്നപ്പോൾ കാംപസിൽ പ്രവേശിച്ച വിദ്യാർഥികൾ പ്രധാനകവാടങ്ങൾ ഉപരോധിക്കുകയായിരുന്നു.

കാംപസിന്റെ പ്രധാന കവാടത്തിലൂടെ അകത്തേക്കു കയറാൻ കഴിയാതെ വന്ന അധ്യാപകർ കെട്ടാങ്ങൽ-കമ്പനിമുക്ക് റോഡിലൂടെ അകത്തേക്കു കയറാൻ ശ്രമിച്ചതോടെ വിദ്യാർഥികൾ തടഞ്ഞു. ഇതോടെ നേരിയ ഉന്തും തള്ളുമുണ്ടായി. കൂടുതൽ വിദ്യാർഥികൾ ഇവിടെയെത്തിയതോടെ അധ്യാപകർ പിൻവാങ്ങുകയായിരുന്നു. ഇതോടെ കാംപസിനകത്തേക്ക് പ്രവേശിക്കാനാകാതെ അധ്യാപകരും ജീവനക്കാരും മണിക്കൂറുകളോളം റോഡരികിൽ നിന്നു. വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കിയതോടെ വെള്ളിയാഴ്ച രാവിലെ പത്തരയോടെ അധികൃതർ വിദ്യാർഥികളെ ചർച്ചയ്ക്ക് വിളിച്ചു. സ്റ്റുഡൻറ്സ് അഫയേഴ്സ് കൗൺസിൽ പ്രതിനിധികളും അധികൃതരും നടത്തിയ ഒരുമണിക്കൂറോളം നീണ്ട ചർച്ച പരാജയപ്പെട്ടതോടെ വിദ്യാർഥികളുമായി നേരിട്ട് സംവദിക്കാൻ വേദിയൊരുക്കി. പൊതുയോഗത്തിൽ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനാകാതെ എൻ.ഐ.ടി. ഡയറക്ടർ വേദി വിട്ടിറങ്ങിയതോടെ വിദ്യാർഥികൾ വീണ്ടും പ്രതിഷേധം ശക്തമാക്കി.

കാംപസിനകത്ത് പ്രവേശിച്ച ഡീനിനെ പുറത്തേക്കു കടക്കാൻ അനുവദിക്കില്ലെന്ന് വിദ്യാർഥികൾ നിലപാടെടുത്തതോടെ വീണ്ടും സംഘർഷസാധ്യത ഉടലെടുത്തു. തുടർന്ന്, ഡീനിനെ എൻ.ഐ.ടി.യിലെ ആംബുലൻസിൽ കയറ്റി പുറത്തെത്തിക്കുകയായിരുന്നു. എളമരം കരീം എം.പി. വെള്ളിയാഴ്ച വൈകീട്ട് കാംപസിലെത്തി എൻ.ഐ.ടി. ഡയറക്ടറുമായി ചർച്ച നടത്തി. കാംപസിൽ നടപ്പാക്കാൻ ശ്രമിക്കുന്ന രാത്രികാല നിയന്ത്രണത്തിനെതിരേമാത്രമുള്ള സമരമല്ലെന്നും കാംപസിൽ അടിച്ചമർത്തപ്പെടുന്നവർക്കുവേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നതെന്നും എൻ.ഐ.ടി.യിലെ വിദ്യാർഥികൾ. മറ്റൊരു കാംപസിലുമില്ലാത്ത നിയമങ്ങൾ നടപ്പാക്കി വിദ്യാർഥികളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും കവരാനാണ് അധികൃതർ ശ്രമിക്കുന്നത്. ഇത് അംഗീകരിച്ച് നൽകാനാവില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.

വ്യാഴാഴ്ച അർധരാത്രി ഹോസ്റ്റലിൽ കയറിയ വിദ്യാർഥികൾ പുറത്തിറങ്ങാതിരിക്കാൻ സെക്യൂരിറ്റി ജീവനക്കാർ ഹോസ്റ്റൽ ഗേറ്റ് താഴിട്ട് പൂട്ടിയതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ അധികൃതർ സ്റ്റുഡൻറ്സ് അഫയേഴ്‌സ് കൗൺസിൽ പ്രതിനിധികളുടെ ഇ-മെയിൽ ബ്ലോക്ക് ചെയ്തതായി പരാതി. കൗൺസിലുമായി ബന്ധപ്പെട്ട അറിയിപ്പുകൾ വിദ്യാർഥികൾക്ക് ലഭിക്കുന്നത് ഈ ഔദ്യോഗിക മെയിലിലൂടെയാണ്. പ്രതിഷേധം സംബന്ധിച്ച ഇ-മെയിൽ ലഭിച്ചതോടെയാണ് വിദ്യാർഥികൾ കൂട്ടമായെത്തി അർധരാത്രിയിൽ കാംപസിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിച്ചത്. എൻ.ഐ.ടി.സി.യിലെ രാത്രികാലനിയന്ത്രണത്തിനെതിരേ വിദ്യാർഥിപ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ ശനിയാഴ്ച മുതൽ ഏപ്രിൽ അഞ്ചുവരെ ഓൺലൈൻ ക്ലാസുകളാക്കി അധികൃതർ ഉത്തരവിറക്കി. അവസാനവർഷ വിദ്യാർഥികളുടെ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും. വെള്ളിയാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

Related Articles

Leave a Reply

Back to top button