India

രാജ്യത്ത് കൊറോണ സമൂഹവ്യാപന ഘട്ടത്തിലെത്തിയെന്ന് സ്ഥിരീകരണം; മുംബൈയിൽ വിദേശത്ത് പോകാത്തവർക്കും രോഗികളുമായി ബന്ധപ്പെടാത്തവർക്കും കോവിഡ്

മുംബൈ: രാജ്യത്ത് ആദ്യമായി കൊറോണ സമൂഹവ്യാപന ഘട്ടത്തിലെത്തിയതിന് സ്ഥിരീകരണം. മുംബൈയിലാണ് സമൂഹവ്യാപനം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മുംബൈയിലാണ് വിദേശത്ത് പോകാത്തവരിലും രോഗികളുമായി നേരിട്ട് ബന്ധപ്പെടാത്തവരിലും രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതോടെയാണ് സമൂഹവ്യാപനമുണ്ടായതായി സ്ഥിരീകരിക്കാൻ കാരണം.

ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം, മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം ഇതിനോടകം ആയിരം കടന്നിട്ടുണ്ട്. ബുധനാഴ്ച രാവിലെയുള്ള കണക്ക് പ്രകാരം 1018 കൊവിഡ് രോഗികളാണ് മഹാരാഷ്ട്രയിൽ മാത്രമുണ്ട്. ഇതിൽ 642 രോഗികളും മുംബൈ നഗരത്തിൽ നിന്നാണ്. പൂണെയിൽ 159 രോഗികളും താനെയിൽ 87 രോഗികളുമുണ്ട്.

എന്നാൽ രോഗം കണ്ടെത്തിയ മറ്റ് സംസ്ഥാനങ്ങളിലൊന്നും സമൂഹവ്യാപനം സ്ഥിരീകരിക്കാത്തത് രാജ്യത്തിന് അൽപ്പം ആശ്വാസം പകരുന്നുമുണ്ട്. മുംബൈയിലെ ഏറ്റവും ജനസാന്ദ്രത ഏറിയ ഇടങ്ങളായ ചേരികളിലും മറ്റുമാണ് ഇപ്പോൾ തുടർച്ചയായി കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മുംബൈ കോർപ്പറേഷനിലെ ഒരു വാർഡിൽ തന്നെ 75 കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യമുണ്ട്.

വോർളി, ലോവർ പരേൽ, പ്രഭാദേവി എന്നിവിടങ്ങളിലാണ് വ്യപകമായി കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. മത്സ്യത്തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലു രോഗം അതിവേഗം വ്യാപിക്കുകയാണ്. രോഗികളിൽ അൻപതിലേറെ ആരോഗ്യപ്രവർത്തകരും ഉൾപ്പെട്ടത് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാനായി കൂടുതൽ വെന്റിലേറ്ററുകളും പിപിഇ കിറ്റുകളും ലഭ്യമാക്കാൻ മഹാരാഷ്ട്ര സർക്കാർ ശ്രമം തുടങ്ങി.

Related Articles

Leave a Reply

Back to top button