Thiruvambady

നടപ്പാക്കിയ പദ്ധതികളുടെ ഫണ്ട് നൽകിയില്ല; തിരുവമ്പാടി സബ് ട്രഷറിയിൽ ജനപ്രതിനിധികളുടെ പ്രതിഷേധം

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് 2023-24 സാമ്പത്തികവർഷത്തിൽ നടപ്പാക്കിയ പദ്ധതികളുടെ ബിൽ തുക പാസാക്കിനൽകാത്തതിൽ തിരുവമ്പാടി സബ് ട്രഷറിയിൽ ജനപ്രതിനിധികളുടെ പ്രതിഷേധം. ട്രഷറിയിലുണ്ടായ പ്രശ്നങ്ങളല്ല ബില്ല് പാസാകാതിരിക്കാൻ കാരണമെന്നും മാർച്ച് 27-ന് വൈകുന്നേരം മൂന്നുമണിക്കുശേഷം ബിൽ പാസാക്കരുതെന്ന നിർദേശം സർക്കാരിൽനിന്ന്‌ ഉണ്ടായതുകൊണ്ടാണ് എല്ലാ ബില്ലുകളും പാസാകുന്നതിന് തടസ്സം സൃഷ്ടിച്ചതെന്നുമാണ് ട്രഷറി അധികൃരുടെ വിശദീകരണം.

ഗ്രാമപ്പഞ്ചായത്തിന് 1.69 കോടി രൂപയാണ് ഇതുമൂലം നഷ്ടമായിരിക്കുന്നത്. ആരോഗ്യമേഖലയിൽ ഉൾപ്പെടെ ഒട്ടേറെ പദ്ധതികളാണ് അവതാളത്തിലാവാൻ പോകുന്നത്. 62,25,119 രൂപ സാധാരണവിഹിതത്തിലും 8,43,512 രൂപ പട്ടികജാതി വികസനഫണ്ടും 2,20,821 രൂപ പട്ടികവർഗ വികസനഫണ്ടും റോഡ് വികസന ഫണ്ടിനത്തിൽ 79,69,571 രൂപയും റോഡിതര ഫണ്ടിനത്തിൽ 16,50,000 രൂപയും നഷ്ടമാകും. നടപ്പാക്കിയ പദ്ധതികളായതിനാൽ 2024-25 വർഷത്തെ അടങ്കലിൽനിന്ന് ചെലവിടേണ്ടിവരുന്നത് ഗ്രാമപ്പഞ്ചായത്തിനെ പുതിയവർഷം കൂടുതൽ സാമ്പത്തികപ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ജനപ്രതിനിധികൾ പറഞ്ഞു.

ഈ പ്രതിസന്ധി മറിക്കടക്കാൻ ബിൽതുകയ്ക്കാവശ്യമായ അധികവിഹിതം സർക്കാർ നൽകണമെന്നാണ് ആവശ്യം. പ്രതിഷേധസമരത്തിന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ, വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്‌മാൻ, ലിസി അബ്രഹാം, മേഴ്‌സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, ഷൗക്കത്തലി കൊല്ലളത്തിൽ, ലിസി സണ്ണി, ഷൈനി ബെന്നി, പി.ആർ. അജിത തുടങ്ങിയവർ നേതൃത്വംനൽകി.

Related Articles

Leave a Reply

Back to top button