പകർച്ചവ്യാധികൾ ക്ഷണിച്ചുവരുത്തും ; പുഴയോരവും റോഡരികും മാലിന്യകേന്ദ്രങ്ങൾ

കാരശ്ശേരി : പകർച്ചവ്യാധികൾ ഭീഷണിയാകുമ്പോഴും മാലിന്യം വലിച്ചെറിയുന്നവർക്കും അധികൃതർക്കും ഒരു കൂസലുമില്ല. മുക്കം പാലത്തിനടുത്ത് ഇരുവഞ്ഞിപ്പുഴയോരത്താണ് മാലിന്യം കുന്നുകൂടിക്കിടക്കുന്നത്. കുമാരനല്ലൂർ- മണ്ടാംകടവ് റോഡിൽ മുണ്ടിത്തോടിലെ കാടുമൂടിക്കിടക്കുന്ന മിച്ചഭൂമി പ്രദേശത്തും മാലിന്യം വലിച്ചെറിയുന്നുണ്ട്. മുക്കം പാലത്തിന് അടുത്തുനിന്ന് മുക്കംകടവ്-കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് റോഡിലേക്ക് എത്തുന്ന പഴയ റോഡിന്റെ വശത്താണ് വൻതോതിൽ ഭക്ഷണശാലകളിലേതടക്കമുള്ള മാലിന്യങ്ങൾ സ്ഥിരമായി തട്ടുന്നത്. ഈ റോഡ് കടന്നുപോകുന്നത് ഇരുവഞ്ഞിപ്പുഴയുടെ തീരത്തുകൂടിയാണ്.
റോഡിൽനിന്ന് ചെറിയൊരു ചെരിവാണ് പുഴയിലേക്ക്. ഇവിടെ കുന്നു കൂടിക്കിടക്കുന്ന മാലിന്യം ഒരു മഴപെയ്താൽ ഒന്നായി ഒലിച്ച് പുഴയിലെത്തും. തൊട്ടടുത്താണ് വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസ് ഉള്ളത്. പരിസരത്ത് ഈർച്ച മില്ലും പള്ളിയും വീടുകളുമൊക്കെയുണ്ട്. പ്ലാസ്റ്റിക് കവറുകളിൽ നിറച്ചനിലയിലും തുറന്നിട്ടനിലയിലുമായി കോഴിമുട്ട കേടുവന്നത്, ഭക്ഷ്യാവശിഷ്ടങ്ങൾ, കുപ്പികൾ തുടങ്ങിയ മാലിന്യം വലിയതോതിൽ ഇവിടെയിട്ടിട്ടുണ്ട്. പരിസരമാകെ ദുർഗന്ധവും ഈച്ചയും കൊതുകും എലിയും തെരുവുനായ്ക്കളുടെ ശല്യവും കൂടുതലാണ്.
കുമാരനെല്ലൂർ-മണ്ടാംകടവ് റോഡിലെ മുണ്ടിത്തോടിൽ വഴിനീളെ മാലിന്യം വലിച്ചെറിയുന്നതാണ് സ്ഥിതി. ഇത് വർഷങ്ങളായി തുടരുന്നതാണ്. ഈ ഭാഗത്ത് മിച്ചഭൂമിയിൽപ്പെട്ട സ്ഥലം കാടുനിറഞ്ഞു കിടക്കുന്നതാണ് മാലിന്യമിടാനെത്തുന്നവർക്ക് സഹായമാകുന്നത്. രാത്രിയിൽ ഓടുന്നവാഹനങ്ങളിൽനിന്നാണ് വലിച്ചെറിയുന്നത്. ഇത് മറ്റുവാഹനങ്ങൾ കയറി ചിതറിത്തെറിക്കുന്നു. മഴപെയ്താൽ തോട്ടിലൂടെ ഒഴുകി ഇരുവഞ്ഞിപ്പുഴയിലേക്ക് എത്തുകയുംചെയ്യും. ദുർഗന്ധവും പകർച്ചവ്യാധി ഭീഷണിക്കുംപുറമേ കാട്ടുപന്നിയടക്കമുള്ള മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ഭീഷണിയിലാണ് ഇവിടുള്ളവർ. ഇവിടത്തെ കാട് വെട്ടിത്തെളിക്കണമെന്നും മാലിന്യമിടുന്നവർക്കെതിരേ കർശന നടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.മഴപെയ്താൽ ഒന്നായി പുഴയിലെത്തും.







