കൊടിയത്തൂരിന്റെ നന്മ; നാട് കൈകോർത്തപ്പോൾ കളിസ്ഥലമില്ലെന്ന പരാതിക്ക് പരിഹാരം
കൊടിയത്തൂർ : നാട്ടുകാർ കൈകോർത്തപ്പോൾ നാട്ടിൽ കളിസ്ഥലമില്ലെന്ന പരാതിക്ക് പരിഹാരമായി. പൊതുവികസനകാര്യങ്ങളിലും സാധുക്കളെ സഹായിക്കുന്നതിനും സ്ഥലം, ധനം മുതലായവ സൗജന്യമായി നൽകുന്നതിൽ എന്നുംമാതൃകയായ കൊടിയത്തൂരിലെ ചെറുവാടി പൊറ്റമ്മലിലാണ് കൂട്ടായ്മയിൽ കളിസ്ഥലം ഒരുങ്ങുന്നത്.
കക്ഷി-രാഷ്ട്രീയ വ്യത്യാസംമാറ്റിവെച്ച് എ.സി. മൊയ്തീൻ ചെയർമാനും കെ.വി. അബ്ദുറഹിമാൻ കൺവീനറും അഷ്റഫ് കൊട്ടുപ്പുറത്ത് ട്രഷറുമായി നാട്ടുകാർ 17 അംഗ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയതോടെയാണ് പ്രശ്നപരിഹാരമായത്. വാഹനാപകടത്തിൽ മരിച്ച മകൻ നിഷാദിന്റെ ഓർമ്മയ്ക്കായി മുക്കംകോർണർ ഫ്രൂട്സ് ഉടമയും പ്രദേശവാസിയുമായ പക്കർ 52 സെൻറ്‌് സ്ഥലം സൗജന്യമായി നൽകി.
കൊട്ടപ്പുറത്ത് കുടുംബം 12 സെന്റ് സ്ഥലവും വാർഡ് മെമ്പർ ആയിഷ ചേലപ്പുറം ഉൾപ്പെടെയുള്ള കമ്മിറ്റി അംഗങ്ങൾ ഓരോസെന്റ് സ്ഥലവും പണംകൊടുത്തുവാങ്ങി നൽകി. ബാക്കി നാട്ടുകാർ സഹായിക്കുകയും ചെയ്തതോടെ ഒരേക്കറോളം സ്ഥലമായി. പൊറ്റമ്മൽ കുളത്തിനോടുചേർന്ന സ്ഥലത്ത് കളിസ്ഥലനിർമാണം പൂർത്തിയാവുന്നതോടെ കായികപ്രേമികളുടെ ആഗ്രഹവും സഫലമാവും.സ്ഥലത്തിന്റെ രേഖാകൈമാറ്റം ഗ്രൗണ്ടിൽ ഒരുക്കിയ ചടങ്ങിൽ നടന്നു. കെ.വി. അബ്ദുറഹിമാൻ, എ.സി. മൊയ്തീൻ, അഷ്റഫ് കൊട്ടുപ്പുറത്ത്, ആയിശ ചേലപ്പുറത്ത്, ബഷീർ, ഷുഹൈബ് കൊട്ടുപുറത്ത്, ഫിറോസ് ഖാൻ, കാദർമാൻ പുതിയോട്ടിൽ, ഹസ്സർ മുഹമ്മദ് ബംഗാളത്ത്, കെ.ടി. ഹുസൈൻ, റഷീദ് എലിയങ്ങോട്ട്, ഹസ്സൻ പുത്തലത്ത് തുടങ്ങിയവർ പങ്കെടുത്തു.