തിരുവമ്പാടിയിൽ വോട്ടുവിഹിതമുയർത്തി എൻ.ഡി.എ

തിരുവമ്പാടി : മലയോര കുടിയേറ്റ മേഖലകൾ ഉൾപ്പെട്ട തിരുവമ്പാടിയിൽ ബി.ജെ.പി. അനുകൂല ചായ്‌വിന്റെ സൂചനകൾ പ്രകടമാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടുനില. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ 5607 വോട്ടുകളാണ് എൻ.ഡി.എ. സഖ്യം ഇത്തവണ തിരുവമ്പാടി നിയോജകമണ്ഡലത്തിൽനിന്ന് അധികമായി നേടിയത്. തിരുവമ്പാടി ഉൾപ്പെടുന്ന വയനാട് മണ്ഡലത്തിൽ ജയിച്ചെങ്കിലും കഴിഞ്ഞതവണത്തെ അപേക്ഷിച്ച് യു.ഡി.എഫിന് 7933 വോട്ടുകൾ കുറഞ്ഞു. സി.പി.ഐ. ദേശീയനേതാവായ ആനി രാജയെ കളത്തിലിറക്കിയിട്ടും എൽ.ഡി.എഫിന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനുമായില്ല.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സ്ഥാനാർഥി ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് 7767 വോട്ടുകളായിരുന്നു ലഭിച്ചത്. എന്നാൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എൻ.ഡി.എ. സ്ഥാനാർഥിയായി രംഗത്തെത്തിയ ഇത്തവണ ബി.ജെ.പി. സഖ്യം പെട്ടിയിലാക്കിയത് 13,374 വോട്ടുകളാണ്. കഴിഞ്ഞതവണ എൻ.ഡി.എയ്ക്ക് തിരുവമ്പാടി നിയോജകമണ്ഡലത്തിൽ ആകെലഭിച്ച വോട്ടുകളുടെ 72.19 ശതമാനമാണ് ഇത്തവണത്തെ വർധന. സിറ്റിങ് എം.പി.യായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെയാണ് നിയോജകമണ്ഡലത്തിൽനിന്ന് കൂടുതൽവോട്ടുകൾ കരസ്ഥമാക്കിയതെങ്കിലും കഴിഞ്ഞതവണത്തെ അപേക്ഷിച്ച് വോട്ടുകളിൽ ഗണ്യമായകുറവ് നേരിട്ടത് യു.ഡി.എഫിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഐക്യജനാധിപത്യ മുന്നണി വോട്ടുകളിൽ കുറവ് നേരിട്ടപ്പോൾ മറുവശത്ത് എൻ.ഡി.എയാണ് നേട്ടമുണ്ടാക്കിയതെന്നതാണ് കാര്യം. 2019-ൽ രാഹുലിന് 91,152 വോട്ടുകൾ സമ്മാനിച്ച തിരുവമ്പാടി, ഇത്തവണ നൽകിയത് 83,219 വോട്ടുകളാണ്. എൽ.ഡി.എഫ്. സ്ഥാനാർഥി പി.പി. സുനീറിന് കഴിഞ്ഞതവണ 36,681 വോട്ടുകൾ ലഭ്യമായിരുന്ന സ്ഥാനത്ത് ഇത്തവണ ആനിരാജയ്ക്ക് മണ്ഡലം സമ്മാനിച്ചത് 36,663 വോട്ടുകളാണ്. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് എൽ.ഡി.എഫിന് പതിനെട്ടുവോട്ടുകൾമാത്രമാണ് കുറഞ്ഞത്. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലത്തിൽ 4643 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ്. സ്ഥാനാർഥി ലിന്റോ ജോസഫ് വിജയിച്ചത്.
67867 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പുമായി താരതമ്യംചെയ്യുമ്പോൾ എൽ.ഡി.എഫിന് 31204 വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. ലോക്‌സഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുപിന്നാലെ ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള എൻ.ഡി.എ. നേതാക്കൾ വിവിധരൂപതകളിലെ ബിഷപ്പുമാരെ ഉൾപ്പെടെ സന്ദർശിച്ച് പിന്തുണതേടിയിരുന്നു. ക്രൈസ്തവ വോട്ടുകൾ ഏറെയുള്ള തിരുവമ്പാടി മണ്ഡലത്തിലെ മുന്നേറ്റം വരുംവർഷങ്ങളിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ, നിയമസഭാതിരഞ്ഞെടുപ്പുകളിൽ എൻ.ഡി.എ. ക്യാമ്പിന് വലിയ ആത്മവിശ്വാസം നൽകും. നില മെച്ചപ്പെടുത്താനാകാതെ എൽ.ഡി.എഫ്. ജയിച്ചെങ്കിലും യു.ഡി.എഫിന് 7933 വോട്ടുകൾ കുറഞ്ഞു






