എസ്.എസ്.എഫ് ചെറുവാടി സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു
ചെറുവാടി: രാജ്യത്തെ പ്രധാന പ്രവേശന പരീക്ഷകൾ നടത്താൻ നിയോഗിക്കപ്പെട്ട എൻ.ടി.എ പരീക്ഷ നടത്തിപ്പിൽ കാണിക്കുന്ന ഗുരുതരമായ വീഴ്ചകൾക്കെതിരെ പ്രതിഷേധമുയർത്തി എസ്.എസ്.എഫ് ചെറുവാടി സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സമീപ ദിവസങ്ങളിൽ ഫലം പുറത്തു വന്ന നീറ്റ്, നെറ്റ് പരീക്ഷകൾ നടത്തിപ്പിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി റദ്ദാക്കിയ പശ്ചാത്തലത്തിൽ കേരളത്തിലെ 700 സെക്ടർ കേന്ദ്രങ്ങളിൽ എസ്എസ്എഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് ചെറുവാടി സെക്ടർ പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
24 ലക്ഷം വിദ്യാർത്ഥികൾ എഴുതിയ NEET-2024 ന് പരീക്ഷ നടത്തിപ്പിലെ വീഴ്ചകൊണ്ടും ചോദ്യപേപ്പർ ചോർച്ച കൊണ്ടും വിശ്വാസ്യത നഷ്ടമായി. ഈ ഘട്ടത്തിലാണ് 11 ലക്ഷം പേർ പരീക്ഷയെഴുതിയ യുജിസി നെറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പേരിൽ റദ്ദാക്കേണ്ടി വന്നിരിക്കുന്നത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ജീവിതം കൊണ്ട് പന്താടുന്ന സമീപനം എൻടിഎ എന്ന കേന്ദ്ര ഏജൻസിയിൽ നിന്ന് നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുകയാണ്.
പരീക്ഷകൾ കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കാൻ പരീക്ഷാ സംവിധാന ഉടച്ചു വാർക്കണമെന്നും നിലവിലെ ചോദ്യപേപ്പർ ചോർച്ച, അഴിമതി എന്നിവ അന്വേഷിച്ച പ്രതികളെ മാതൃകപരമായി ശിക്ഷിക്കാൻ കേന്ദ്രം ഇച്ഛാശക്തി കാണിക്കണമെന്നും എസ്എസ്എഫ് ആവശ്യപ്പെടുന്നു. ചുള്ളിക്കാപറമ്പ് അങ്ങാടിയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് എസ്എസ്എഫ് ചെറുവാടി സെക്ടർ പ്രസിഡന്റ് മുബാരിഷ് പി.എ, ജനറൽ സെക്രട്ടറി സഹൽ സമാൻ കെ.സി, ഫിനാൻസ് സെക്രട്ടറി ഹാഫിള് ഖാലിദ് മുബാറക് അദനി എന്നിവർ നേതൃത്വം നൽകി.