Thiruvambady

പന്നിഫാമിലെ മാലിന്യക്കുഴി തകർന്ന്‌ അവശിഷ്ടങ്ങൾ ജലസ്രോതസ്സുകൾ മലിനമായ സംഭവം: അരലക്ഷം രൂപ പിഴ

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ മേലെ പൊന്നാങ്കയം പന്നിഫാമിലെ മാലിന്യക്കുഴി തകർന്ന്‌ അവശിഷ്ടങ്ങൾ ജലസ്രോതസ്സുകളിലേക്ക് പരന്നൊഴുകിയതുമായി ബന്ധപ്പെട്ട് കർശന നടപടിയുമായി ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവിഭാഗം. ഫാമുടമകൾക്ക് അരലക്ഷം രൂപ പിഴ ചുമത്തി. മേലെ പൊന്നാങ്കയം വട്ടത്തുണ്ടത്തിൽ സ്വിഷ് (48), തമ്പലമണ്ണ ഒതയമംഗലത്ത് ഉമേഷ് (37), കോടഞ്ചേരി മുറംമ്പാത്തി പുത്തൻപുരയിൽ പ്രകാശ് (52) എന്നിവരിൽ നിന്നാണ് എൻഫോഴ്സ്‌മെന്റ് ടീം പിഴത്തുക ഈടാക്കിയത്.

മൂന്നുദിവസത്തിനകം തകരാർ പരിഹരിച്ചിരിക്കണമെന്ന് കർശന നിർദേശം നൽകി. വ്യാഴാഴ്ച കനത്ത മഴ പെയ്യാത്തതിനാൽ മാലിന്യ ഒഴുക്കിന് താത്കാലിക ശമനമായിട്ടുണ്ട്. മഴ ശക്തമായാൽ അവശിഷ്ടങ്ങൾ കുത്തിയൊലിക്കുന്ന അവസ്ഥയാണുള്ളത്. ഉടമ സ്വീഷിന്റെ വീടിനോടുചേർന്നാണ് ഇരുനൂറോളം പന്നികളെ വളർത്തുന്ന ഫാം. ബുധനാഴ്ച പുലർച്ചെയാണ് കൂറ്റൻ മാലിന്യക്കുഴിയുടെ ഭിത്തി ഇടിഞ്ഞത്.

സമീപത്തെ കൈത്തോടുകളിലേക്കാണ് അവശിഷ്ടങ്ങൾ കുത്തിയൊലിച്ചത്. ഇത് കാളിയാമ്പുഴ വഴി ചാലിയാറിന്റെ കൈവഴിയായ ഇരുവഴിഞ്ഞിപ്പുഴയിലേക്കാണ് ചെന്നുചേരുന്നത്. രൂക്ഷമായ ദുർഗന്ധംകാരണം പരിസരവാസികൾ പൊറുതിമുട്ടുകയാണ്. നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിച്ചുവരുന്ന ജലസ്രോതസ്സുകളിലാണ് ഫാം അവശിഷ്ടങ്ങൾ ഒഴുകിയത്. നാട്ടുകാർ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന തോടുകളാണ് മലിനമായിരിക്കുന്നത്. എൻഫോഴ്സ്‌മെന്റ് ടീമംഗങ്ങളായ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, ജൂനിയർ സൂപ്രണ്ട് റീന, ഹെൽത്ത് ഇൻസ്പെക്ടർ റീന എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസണും വാർഡംഗം കെ.ഡി. ആന്റണിയും കൂടെയുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button