മലയോരമേഖലയിലെ പൊതുസ്ഥലങ്ങളിൽ സമൂഹവിരുദ്ധർ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു

മുക്കം : മലയോരമേഖലയിലെ പൊതുസ്ഥലങ്ങളിൽ സമൂഹവിരുദ്ധർ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. മുക്കം നഗരസഭയിലെ മാമ്പറ്റ-കയ്യിട്ടാപ്പൊയിൽ റോഡിലെ വയലിലാണ് ബുധനാഴ്ച രാത്രി കക്കൂസ് മാലിന്യം തള്ളിയത്. സമീപത്തെ തോടിനും കുടിവെള്ളപദ്ധതിക്കും ഭീഷണിയാകുന്ന തരത്തിലാണ് മാലിന്യം തള്ളിയത്. രാത്രി പന്ത്രണ്ടിനും മൂന്നിനുമിടയ്ക്കാണ് മാലിന്യം തള്ളിയതെന്നാണ് സൂചന. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ പറയുന്നു.
മഞ്ഞപ്പിത്തം, വയറിളക്കം, മൂത്രത്തിൽ അണുബാധ തുടങ്ങിയ രോഗങ്ങൾക്ക് ഇതുകാരണമാകുമെന്ന് ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. മലയോരമേഖലയിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കാൻ അശാസ്ത്രീയമായ മാലിന്യസംസ്കരണം കാരണമാകുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ആളൊഴിഞ്ഞസ്ഥലങ്ങൾ വേണമെന്നതിനാൽ വയലുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവർ മാലിന്യം തള്ളുന്നത്. ശക്തമായമഴയിൽ ഈ മലിനജലം തൊട്ടടുത്ത തോടുകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളിലേക്ക് ഒഴുകിയെത്തുന്നതോടെ സമീപപ്രദേശമാകെ മാലിന്യം പരക്കും. ഇത് പ്രദേശങ്ങളിലെ ആളുകളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും.
മുക്കം നഗരസഭയിലെയും ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിലെയും വിവിധപ്രദേശങ്ങളിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കക്കൂസ് മാലിന്യം തള്ളിയിരുന്നു. മുക്കം നഗരസഭയിലെ കുറ്റിപ്പാലയ്ക്കലിലെയും കല്ലുരുട്ടിയിലെയും ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ് മാലിന്യം തള്ളിയത്. ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് കയറ്റിക്കൊണ്ടുപോയ മാലിന്യമാണ് ഈ പ്രദേശങ്ങളിൽ തള്ളിയതെന്ന് പിന്നീട് ബോധ്യപ്പെട്ടു.







