തിരുവമ്പാടിയില്‍ നാളെ ആരോഗ്യ ശുചിത്വ ദിനമായി ആചരിക്കുന്നു

തിരുവമ്പാടി: മലയോരമേഖലയിൽ വേനൽ മഴ കനത്തതിനാൽ ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, എലിപ്പനി, മഞ്ഞപ്പിത്തം, എന്നീ പകർച്ചവ്യാധികളുടെ വ്യാപനത്തിന് സാധ്യതയുള്ളതിനാൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റയും കുടുംബശ്രീൻ്റയും നേതൃത്വത്തിൽ പകർച്ച വ്യാധികൾക്കെതിരെ ജനകീയ പ്രതിരോധം തീർക്കാം എന്ന ലക്ഷ്യത്തോടെ ‘മഴയെത്തും മുൻപേ’ കാമ്പയിനിന് തുടക്കം കുറിച്ചു.
ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടികൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ഏപ്രിൽ 10 ഞായറാഴ്ച ഗ്രാമപഞ്ചായത്തിൽ ആരോഗ്യ ശുചിത്വ ദിനമായി ആചരിക്കാനും അന്നേ ദിവസം വീടും പരിസരവും സ്ഥാപനങ്ങളും തോട്ടങ്ങളും ശുചിയാക്കാനും കൊതുകിൻ്റെ ഉറവിട നശീകരണം നടത്താനും എല്ലാ വീട്ടുകാരും സ്ഥാപന ഉടമകളും തോട്ടം ഉടമകളും തയ്യാറാകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ടും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നിഖില കെ യും സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
പകർച്ചവ്യാധി പ്രതിരോധത്തിൻ്റെ ഭാഗമായി താഴെപ്പറയുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കാനും നിർദ്ദേശിച്ചു.
- മലിനജലവുമായും മണ്ണുമായും സമ്പർക്കം ഉള്ള എല്ലാവരും എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.
- കവുങ്ങിൻ തോട്ടങ്ങളിലെ പാളകളിൽ വെള്ളം കെട്ടിനിന്ന് കൂത്താടികൾ വളരുന്നതിനാൽ ഓരോ ആഴ്ചയിലും നിശ്ചിത ദിവസം തോട്ടം സന്ദർശിച്ച് പാളകൾ വെട്ടിനുറുക്കി ഇടുകയോ അയൽ കെട്ടിത്തൂക്കിയിടുകയോ ചെയ്യണം.
- റബ്ബർ തോട്ടങ്ങളിലെ ചിരട്ടകൾ പാലെടുക്കാത്ത സമയങ്ങളിൽ വെള്ളം കെട്ടിനിൽക്കാത്ത വിധം കമഴ്ത്തി ഇടണം.







