മാട്ടുമുറി ഉപതിരഞ്ഞെടുപ്പ്: പ്രചാരണം ഇന്ന് സമാപിക്കും
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ മൂന്നാംവാർഡ് മാട്ടുമുറി തിരഞ്ഞെടുപ്പിന് ഇനി രണ്ടുനാൾമാത്രം. പ്രചാരണം ഇന്നവസാനിക്കും. 30-നാണ് വോട്ടെടുപ്പ്. കോൺഗ്രസ് അംഗമായിരുന്ന ശിഹാബ് മാട്ടുമുറി അഭിപ്രായഭിന്നതമൂലം രാജിവെച്ചതിനെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പായതിനാൽ യു.ഡി.എഫിന് ഇത് അഭിമാനപ്പോരാട്ടം കൂടിയാണ്. ഗ്രാമപ്പഞ്ചായത്ത് വികസനപദ്ധതികൾ നടപ്പാക്കിയതിൽ വീഴ്ചവരുത്തിയെന്നാണ് എൽ.ഡി.എഫിന്റെ പ്രധാന ആരോപണം. പദ്ധതിവിഹിതം 85 ശതമാനത്തോളം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആരോപിക്കുന്നു. എന്നാൽ, ഇതുതെറ്റാണെന്നും സംസ്ഥാനസർക്കാർ ഫണ്ട് സമയത്ത് ലഭ്യമാക്കാത്തതുമൂലമാണ് നടപ്പാക്കാൻ കുറെ പദ്ധതികൾ ബാക്കിയുള്ളതെന്നും യു.ഡി.എഫും ആരോപിക്കുന്നു. യു.ഡി.എഫ്. കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ചെയർമാനുമായ യു.പി. മമ്മദാണ് യു.ഡി.എഫ്. സ്ഥാനാർഥി. ഇടതുമുന്നണിയുടെ സ്ഥാനാർഥി മുൻ പഞ്ചായത്തംഗംകൂടിയായ സി.പി.എമ്മിലെ കബീർ കണിയാത്താണ്.
അഭിഷേകാണ് ബി.ജെ.പി. സ്ഥാനാർഥി. എസ്.ഡി.പി.ഐ. സ്ഥാനാർഥി സുബൈർ പൊയിൽക്കരയും മത്സരത്തിനുണ്ട്. യു.ഡി.എഫ്. സ്ഥാനാർഥി യു.പി. മമ്മദിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് മാട്ടുമുറിയിൽ നടന്ന കുടുംബയോഗം മുൻ ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു ഉദ്ഘാടനംചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മജീദ് പുതുക്കുടി അധ്യക്ഷനായി. ദളിത് ലീഗ് സംസ്ഥാന പ്രസിഡൻറ് ഇ.പി. ബാബു, ഡി.സി.സി. സെക്രട്ടറി സി.ജെ. ആൻറണി, മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ജന. സെക്രട്ടറി പി.ജി. മുഹമ്മദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. സിറാജുദ്ദീൻ, കെ.വി. അബ്ദുറഹിമാൻ, സുജ ടോം, കെ.ടി. മൻസൂർ, വി. ഷംലൂലത്ത് തുടങ്ങിയവർ സംസാരിച്ചു.
എൽ.ഡി.എഫ്. തിരഞ്ഞെടുപ്പുറാലിയും പൊതുസമ്മേളനവും നടത്തി. പന്നിക്കോട് അങ്ങാടിക്കടുത്ത് നടന്ന പൊതുസമ്മേളനം ജില്ലാ കൺവീനർ മുക്കം മുഹമ്മദ് ഉദ്ഘാടനംചെയ്തു. കമ്മിറ്റി ചെയർമാൻ എം.കെ. ഉണ്ണിക്കോയ അധ്യക്ഷനായി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി. വിശ്വനാഥൻ, വി.കെ. വിനോദ്, ജോണി ഇടശ്ശേരി, ഇ. രമേശ് ബാബു, സി.ടി.സി. അബ്ദുള്ള, ബിനോയ് ടി. ലൂക്കോസ്, ഹരീഷ് എന്നിവർ സംസാരിച്ചു.