Karassery

തകർന്ന് തൃക്കുടമണ്ണ തൂക്കുപാലം; വഴിയില്ലാതെ ജനം

കാരശ്ശേരി : ഇരുവഞ്ഞിപ്പുഴയുടെ തൃക്കുടമണ്ണ കടവിലെ തൂക്കുപാലം തകർന്നതിനെ തുടർന്ന് ജനങ്ങൾ ദുരിതത്തിൽ. കഴിഞ്ഞയാഴ്ചത്തെ വെള്ളപ്പൊക്കത്തിലാണ് പാലം തകർന്നത്. തൃക്കുടമണ്ണ ക്ഷേത്രത്തിലേക്കുള്ള യാത്രാമാർഗം ഇതോടെ മുടങ്ങി. വാവുബലി തർപ്പണത്തിന് എത്തിയ നൂറുകണക്കിന് വിശ്വാസികൾക്ക് ഇത് ദുരിതമായി. കാരശ്ശേരി പഞ്ചായത്തിലെ തടപ്പറമ്പ്, പാലിയിൽ, കുമാരനെല്ലൂർ പ്രദേശവാസികൾക്ക് എളുപ്പത്തിൽ മുക്കം ടൗണിൽ എത്താനുള്ള മാർഗമാണ് ഈ തൂക്കുപാലം.

വിദ്യാർഥികളടക്കം നിരവധിപ്പേരാണ് ദിവസവും ഈ പാലം ഉപയോഗിച്ചിരുന്നത്. ഇനി ഇവർക്കെല്ലാം വളരെദൂരം ചുറ്റി വേണം മുക്കത്ത് എത്താനും തിരികെ പോകാനും. പാലം പല ഭാഗത്തും തുരുമ്പെടുത്ത് മുറിഞ്ഞ് അപകട ഭീഷണിയിലായിട്ട് രണ്ടുവർഷത്തോളമായി. ആടിയുലയുന്ന പാലം പൊട്ടിവീഴുമോ എന്ന ഭയത്താൽ ജീവൻ കൈയിൽ പിടിച്ചാണ് യാത്രക്കാർ ഇതിലൂടെ കടന്നുപോയിരുന്നത്. ഇരുഭാഗത്തും കോൺക്രീറ്റ് തൂണുകളിൽ ഉറപ്പിച്ചിട്ടുള്ള ഭാഗം മുറിഞ്ഞു വേർപെട്ടനിലയിലായിരുന്നു.

നാട്ടുകാർ പ്ലാസ്റ്റിക് കയറുകൊണ്ട് ഇത് തൂണുകളുമായി കൂട്ടിക്കെട്ടിയെങ്കിലും പാലം ആടിയുലയുന്നതിനാൽ കെട്ട് പൊട്ടി. പാലത്തിന്റെ ഒരറ്റം ഒരുഭാഗത്തേക്ക് ചെരിഞ്ഞു. കൈവരിയുടെ ജി.ഐ. പൈപ്പുകളും നെറ്റും ഒട്ടേറെ ഭാഗങ്ങളിൽ മുറിഞ്ഞ് വേർപെട്ടിരുന്നു. പാലം അപകടാവസ്ഥയിലായിതിനാൽ നാട്ടുകാർ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചായിരുന്നു യാത്ര. കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് 2009-ൽ ആണ് തൂക്കുപാലം നിർമിച്ചത്.

Related Articles

Leave a Reply

Back to top button