പുല്ലൂരാംപാറ ആരോഗ്യകേന്ദ്രം കെട്ടിടനിർമാണത്തിൽ ക്രമക്കേടെന്ന് ആക്ഷേപം

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിനു കീഴിൽ പുല്ലൂരാംപാറയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ കെട്ടിടനിർമാണത്തിൽ ക്രമക്കേടെന്ന് ആക്ഷേപം. 35 ലക്ഷംരൂപ എം.എൽ.എ. ഫണ്ട് ഉപയോഗിച്ചായിരുന്നു കെട്ടിടനിർമാണം. ടെറസിന്റെ നടുഭാഗം കുഴിഞ്ഞിരിക്കുന്നതിനാൽ മഴവെള്ളം ഒഴുകിപ്പോകാതെ തളംകെട്ടിക്കിടക്കുകയാണ്. ഇത് കിനിഞ്ഞിറങ്ങി കോൺക്രീറ്റ് ഭാഗത്ത് പൂപ്പൽ രൂപപ്പെടാനിടയാക്കിയിട്ടുണ്ട്. പെയിന്റിങ് അലങ്കോലമായ നിലയിലാണ്. ഗ്രാമപ്പഞ്ചായത്ത് ഫണ്ടായ ഏഴുലക്ഷംരൂപ വിനിയോഗിച്ചാണ് ചുറ്റുമതിൽ ഉൾപ്പെടെയുള്ള അനുബന്ധപ്രവൃത്തികൾ നടന്നുവരുന്നത്. ചുറ്റുമതിൽ നിർമാണം ഉണങ്ങിയ മരം നിലനിർത്തി
ചുറ്റുമതിൽ നിർമാണം ആരംഭിച്ചിട്ടും ആശുപത്രിയോടുചേർന്ന പടുമരം മുറിച്ചുമാറ്റാത്തത് വിവാദമാകുന്നു. ഉണങ്ങിയ പ്ലാവ് നിലനിർത്തിക്കൊണ്ടാണ് ചുറ്റുമതിൽ പണികൾ തകൃതിയായി നടക്കുന്നത്. ഇത് രോഗികൾക്ക് ഭീഷണിയാകുമെന്നു ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്. ഏതുനിമിഷവും കടപുഴകിവീണേക്കാവുന്ന മരം മുറിച്ചുമാറ്റിയശേഷം മതിൽ പണിതാൽമതിയെന്ന് ഒട്ടേറെത്തവണ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കനത്ത മഴയും കാറ്റും തുടരുകയാണ്. 2023 ഒക്ടോബറിലാണ് കെട്ടിടം പുതുക്കിപ്പണിതത്.
പുല്ലൂരാംപാറ ജനകീയ ആരോഗ്യകേന്ദ്രത്തിലെ അപകടാവസ്ഥയിലായ മരം മുറിച്ചുമാറ്റുമെന്ന് ഗ്രാമപ്പഞ്ചായത്ത് വാർഡംഗവും മുൻപ്രസിഡന്റുമായ മേഴ്‌സി പുളിക്കാട്ട് അറിയിച്ചു. മരം മുറിച്ചുമാറ്റാൻ നേരത്തേ വനംവകുപ്പധികൃതരോട് ആവശ്യപ്പെട്ടതാണ്. ടെൻഡർ നടപടിയുമുണ്ടായി. 75,000 രൂപയായിരുന്നു ലേലത്തുക. ഇത് അധികമായതിനാൽ മരം ഏറ്റെടുക്കാൻ ആരുമെത്തിയില്ല. മരം ഉണങ്ങിയ സാഹചര്യത്തിൽ പഞ്ചായത്തിനുതന്നെ മുറിച്ചുമാറ്റാൻ സാങ്കേതികതടസ്സങ്ങളില്ലെന്നും ഉടൻ നടപടിയുണ്ടാകുമെന്നും അവർ അറിയിച്ചു. കെട്ടിടത്തിൽ വെള്ളം കിനിഞ്ഞിറങ്ങുന്ന പ്രശ്നവും ഉടൻ പരിഹരിക്കുമെന്ന് മെമ്പർ അറിയിച്ചു.