Kodiyathur

കൊടിയത്തൂരിലെ അതിപുരാതനമായ തെയ്യത്തും കടവ് – കോട്ടമ്മൽ റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമാവുന്നു

കൊടിയത്തൂർ: കൊടിയത്തൂരിലെ അതിപുരാതനമായ തെയ്യത്തും കടവ് – കോട്ടമ്മൽ റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമാവുന്നു. തെയ്യത്തും കടവ് പാലം യാഥാർഥ്യമായി 10 വർഷം പിന്നിട്ടിട്ടും ഈ റോഡിന്റെ വികസനം ഇതുവരെയും സാധ്യമായിട്ടില്ല. ലിന്റൊ ജോസഫ് എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ശംലൂലത്ത്, വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ, ശ്രദ്ധ സാംസ്‌കാരിക സംഘടന കൊടിയത്തൂർ എന്നിവ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന തുടർച്ചയായ ത്യാഗപരിശ്രമങ്ങളുടെ ഫലമായാണ് മഞ്ഞുരുക്കത്തിന് കളമൊരുങ്ങിയിരിക്കുന്നത്.
നാൽപതോളം സ്ഥലമുടമകളിൽ ബഹുഭൂരിപക്ഷവും സ്ഥലം വിട്ടു കൊടുക്കുന്നതിന് സന്നദ്ധത അറിയിച്ചിരിക്കുകയാണ്. അസി.എഞ്ചിനീയർ, വാർഡ് മെമ്പർ, വികസന സമിതി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഭൂവുടമകളെ കേൾക്കുകയും കുറ്റമറ്റ രീതിയിൽ പ്രശ്ന പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
ചുരുക്കം ചിലർ മാത്രമെ അക്വിസിഷൻ നടപടി വേണമെന്ന നിലപാടിലുള്ളൂ. അവസാനമായി അവരും സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം PWD എഞ്ചിനീയർ അടയാളപ്പെടുത്തിയ സ്ഥലത്ത് മതിൽ പുന:സ്ഥാപിച്ച് മാതൃകയായിരിക്കുകയാണ് റിട്ട. കേണൽ അരീപ്പറ്റ മണ്ണിൽ അബ്ദുൽ മജീദ്.
സറണ്ടർ പേപ്പറിൽ ഒപ്പ് ചാർത്തിയ കീരൻത്തൊടിക അബ്ദുൽ ഹമീദിന്റെ 54 മീറ്റർ നീളം റോഡ്‌ വരുന്ന പറമ്പിലും മതിൽ ഉടനെ പുന:സ്ഥാപിക്കും. കൊളായിൽ കെ.ടി മുഹമ്മദ് (കുട്ടി), നാസർ കൊളായി, പി.പി ബഷീർ മാസ്റ്റർ, എ.എം അബ്ദുൽ ഹമീദ്, നാസർ അങ്ങാടിയിൽ, സുഹാസ് ലാംഡ, എം.കെ ഹകീം, നിസാർ കൊളായി തുടങ്ങിയവർ ഒപ്പിട്ട് പേപ്പർ സമർപ്പണം നടത്തി.
അവശേഷിക്കുന്നവരുടെ ഒപ്പുശേഖരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കിഫ്ബി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് തുടർ നടപടികളിലേക്ക് നീങ്ങാനുള്ള ശ്രമത്തിലാണിന്ന് നാട്ടുകാർ.

Related Articles

Leave a Reply

Back to top button