തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ലോക പേവിഷബാധ ദിനാചരണം സംഘടിപ്പിച്ചു-
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ലിസ നഴ്സിംഗ് സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക പേവിഷബാധ ദിനാചരണം വിപുലമായ പരിപാടികളോടെ നടന്നു. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ. എ. അബ്ദുറഹ്മാൻ ചടങ്ങിൽ അധ്യക്ഷനായി. “പേവിഷബാധ പ്രതിരോധം: തടസ്സങ്ങളുടെ അതിരുകൾ ഭേദിക്കാം” എന്ന വിഷയത്തിൽ ഡോ. ഫെസീന ഹസൻ മുഖ്യപ്രഭാഷണം നടത്തി. ലിസ നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും ബോധവൽക്കരണ ക്ലാസും പോസ്റ്റർ പ്രചാരണവും ചടങ്ങിൽ അടക്കം ഉണ്ടായിരുന്നു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, വാർഡ് മെമ്പർമാരായ മുഹമ്മദലി കെ.എം, ബീന പി., പബ്ലിക് ഹെൽത്ത് നഴ്സ് ഷില്ലി എൻ.വി, ലിസ നഴ്സിംഗ് സ്കൂൾ ട്യൂട്ടർമാരായ ജോയൽ, വി.എം. മിനി, ഹൃദ്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ, മൃഗങ്ങളിൽ നിന്ന് കടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് തിരുവമ്പാടി മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ നിർദ്ദേശങ്ങൾ നൽകി. കടിയേറ്റ ഭാഗം 15 മിനിറ്റ് നേരം സോപ്പ് ഉപയോഗിച്ച് നന്നായി കഴുകി പൈപ്പിൽ നിന്ന് ഒഴിക്കുന്ന വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുക. മുറിവ് വൃത്തിയാക്കുന്ന വ്യക്തി കൈയുറ ധരിക്കുക. മുറിവ് ശുചിയാക്കി ആശുപത്രിയിൽ എത്തി പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് അത്യാവശ്യമാണ്.