ജലജന്യ രോഗങ്ങളെ തടയാൻ ‘ശുദ്ധം കുടിനീർ 2.0’ പദ്ധതി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജലജന്യ രോഗങ്ങൾക്കെതിരായ പ്രതിരോധവും ബോധവൽക്കരണവും ലക്ഷ്യമാക്കി ‘ശുദ്ധം കുടിനീർ 2.0’ പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയുടെ ഭാഗമായി വീടുകൾ, സ്ഥാപനങ്ങൾ, കുടിവെള്ള പദ്ധതികൾ എന്നിവിടങ്ങളിലെ കുടിവെള്ള സംഭരണികൾ ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ഓക്ടോബർ 2-ാം തീയതി ഗാന്ധിജയന്തി ദിനം തിരഞ്ഞെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിതരുടെ എണ്ണം കൂടിവരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. മലിനമായ വെള്ളം, അശുദ്ധമായ ഭക്ഷണം എന്നിവയാണ് മഞ്ഞപ്പിത്തം പകരാനുള്ള പ്രധാനകാരണം. അതിനാൽ, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും, കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യാനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ പൊതുജനങ്ങൾ ശുചിത്വ ശീലങ്ങൾ പാലിക്കാൻ ആഹ്വാനം ചെയ്തു. ഭക്ഷണം കഴിക്കുന്നതിന് മുമ്പും, മലമൂത്ര വിസർജനത്തിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.