വേളംകോട് സെൻ്റ് മേരീസ് യാക്കോബായ പള്ളി ഓർമപ്പെരുന്നാൾ തീർത്ഥയാത്ര സമാപിച്ചു
കോടഞ്ചേരി: വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന ഭക്തിനിർഭരമായ കാൽനട തീർത്ഥയാത്രക്ക് ഭക്തർ നാടെങ്ങും സ്വീകരണം നൽകി.
വേളംകോട് കബറിങ്കൽ നിന്ന് ആരംഭിച്ച പതാക തീർത്ഥയാത്ര, താമരശ്ശേരി മൗണ്ട് ഹോറേബ് അരമന ചാപ്പൽ, സെന്റ് ഗ്രിഗോറിയോസ് പള്ളി, ചിപ്പിലിത്തോട് സെൻറ് ജോർജ് പള്ളി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പുതുപ്പാടി സെൻ്റ് മേരീസ് പള്ളിയിൽ എത്തി. അവിടെ നിന്നു ആരംഭിച്ച കാൽനട തീർത്ഥയാത്ര തെയ്യപ്പാറ സെൻറ് ജോർജ് പള്ളിയിൽ സ്വീകരണം ഏറ്റുവാങ്ങി കോടഞ്ചേരി ടൗണിൽ എത്തി.
പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണത്തിൽ പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി കാൽനട തീർത്ഥയാത്രാ ക്യാപ്റ്റൻ മറ്റത്തിൽ ബേസിൽ ബേബിയെ മാലയിട്ട് സ്വീകരിച്ചു. വികാരി ഫാ. ഷിജോ താന്നിയംകട്ടയിൽ നന്ദി രേഖപ്പെടുത്തി.
തുടർന്ന് കാഞ്ഞിരപ്പാറ സെൻറ് ജോൺസ് പള്ളി, വേളം കോട് ചെറിയപള്ളി, കല്ലന്ത്രമേട് കുരിശിങ്കൽ, വട്ടൽ കുരിശുപള്ളി, രാജാക്കന്മാരുടെ കുരിശിങ്കൽ എന്നിവിടങ്ങളിലൂടെ കാൽനട തീർത്ഥയാത്ര പെരുമ്പാവൂർ മേഖല മത്ത്യൂസ് മാർ അഫ്രേം മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ പരിശുദ്ധന്റെ കബറിങ്കലേക്ക് എത്തി.
കാൽനട തീർത്ഥയാത്രയ്ക്ക് വികാരിമാരായ ഫാ. ഷിജോ താന്നിയംകട്ടയിൽ, ഫാ. അജു വയലിൽ, ഫാ. ബാബു കൊമരംകുടിയിൽ, ഫാ. ബേസിൽ തൊണ്ടലിൽ, ഫാ. ബേസിൽ തമ്പി പടിഞ്ഞാറേക്കര, പള്ളി ട്രസ്റ്റി തോമസ് ജോൺ ഞാളിയത്ത്, സെക്രട്ടറി സന്തോഷ് പോൾ ചിരപ്പുറത്ത്, അസോസിയേഷൻ പ്രസിഡൻ്റ് സാജു പുത്തൻകളപ്പുരയിൽ, സെക്രട്ടറി വർഗീസ് പടയാട്ടിൽ എന്നിവരും നേതൃത്വം നൽകി.
ഇന്നലെ രാവിലെ 8.30ന് മത്ത്യൂസ് മാർ അഫ്രേം മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും വചന സന്ദേശവും നടന്നു. തുടർന്ന് കിളിയൻകുന്നത്ത് തോമസ് മാർ എപ്പിസ്കോപ്പ മെമ്മോറിയൽ ചാരിറ്റി ഫണ്ടിന്റെ സമർപ്പണവും പ്രദക്ഷിണം, ആശീർവാദം, നേർച്ച എന്നിവയും നടത്തി.