കോടഞ്ചേരി സ്വദേശി ജോഷി ബെനഡിക്റ്റ് മികച്ച ആനിമേഷൻ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി

പുല്ലൂരാംപാറ : 70-മത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്നു. മികച്ച ആനിമേഷൻ സിനിമയ്ക്ക് പുരസ്കാരം ആനിമേറ്ററും സംവിധായകനുമായ ജോഷി ബെനഡിക്റ്റും നിർമ്മാതാവ് റോബിൻസൺ തോമസും രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി. “A Coconut Tree” എന്ന ആനിമേഷൻ സിനിമയാണ് പുരസ്കാരം നേടിയത്.
പുല്ലൂരാംപാറ സ്വദേശിയായ ജോഷി ബെനഡിക്റ്റ് തൃശൂർ ഫൈൻ ആർട്സ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയശേഷം തിരുവനന്തപുരം ടെക്നോപാർക്കിലെ അമേരിക്കൻ ആനിമേഷൻ കമ്പനി ടൂൺസ് ആനിമേഷനിൽ ജോലി ചെയ്തു. നാഷണൽ, ഇന്റർനാഷണൽ ആനിമേഷൻ പ്രോജക്ടുകളിൽ ക്രിയേറ്റീവ് ഹെഡ് ആയും ആനിമേറ്റർ ആയും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, A Coconut Tree എന്ന തന്റെ ആനിമേഷൻ ഫിലിം കൊണ്ടാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.
24-മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ സിഗ്നേച്ചർ ഫിലിം നിർമിച്ചതും ജോഷി ബെനഡിക്റ്റ് ആയിരുന്നു. ഹാർപ്പർ കോളിൻസ് അദ്ദേഹത്തിന്റെ “പന്നിമലത്ത്” എന്ന ഗ്രാഫിക് നോവൽ ‘Pig Flip’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു ആമസോണിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. Touched As Water എന്ന പുതിയ ആനിമേഷൻ ഷോർട്ട് ഫിലിം പ്രദർശനത്തിനായി ഒരുങ്ങുകയാണ്.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, ഡോ. എൽ മുരുകൻ, ജൂറി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.