മുക്കത്ത് പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ

മുക്കം: മുക്കത്ത് പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. ഇടുക്കി പീരുമേട് സ്വദേശി അജയ് (24) നെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി നിരവധി കളവുകേസുകളിലും പ്രതിയായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഒക്ടോബർ 5നായിരുന്നു പെൺകുട്ടിയെ കാണാതായത്, തുടർന്ന് രക്ഷിതാക്കൾ മുക്കം പോലീസിൽ പരാതി നൽകിയിരുന്നു.
റെയിൽവേ പോലീസിന്റെ അന്വേഷണത്തിലാണ് കുട്ടിയെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. പ്രതി നേരത്തെ ഓമശ്ശേരി വേനപ്പാറയിൽ നിന്ന് ഒരു ബൈക്ക് മോഷ്ടിച്ചിട്ടുണ്ടായിരുന്നു.ബൈക്ക് മോഷ്ടിച്ചത്, സി.സി.ടി.വി ദൃശ്യങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മോഷ്ടിച്ച ബൈക്ക് മുക്കം പോലീസിനു കാരശ്ശേരി ജംഗ്ഷനിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതിക്ക് എറണാകുളം, ചേവായൂർ, താമരശ്ശേരി, മുക്കം, തിരുവമ്പാടി പോലീസ്റ്റേഷനുകളിലായി കേസുകളുണ്ടെന്നും, 14 കാരിയുടെ സഹോദരൻ്റെ പരിചയത്തിലൂടെയാണ് പെൺകുട്ടിയുമായി പരിചയം ആരംഭിച്ചതെന്നും പോലീസ് പറഞ്ഞു.
മുക്കം സബ് ഇൻസ്പെക്ടർ ശ്രീജിത്ത്, പ്രദീപ് കെ.സി, എ.എസ്.ഐ ജദീർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീസ്, അനസ്, ഷോബിൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.