തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പര്യടനത്തിന് തുടക്കം; എൽ.ഡി.എഫ്. സ്ഥാനാർഥി സത്യൻ മൊകേരി ജനങ്ങൾക്ക് മുന്നിൽ
തിരുവമ്പാടി: വയനാട് ലോക്സഭാമണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി സത്യൻ മൊകേരി തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പ്രഥമ പര്യടനത്തിന് ഇന്നലെ (25-10-24വെള്ളിയാഴ്ച) തുടക്കം കുറിച്ചു. ജില്ലാ അതിർത്തിയായ അടിവാരത്ത് എത്തിച്ചേർന്ന സ്ഥാനാർഥിയെ ലിന്റോ ജോസഫ് എം.എൽ.എ.യുടെ നേതൃത്വത്തിൽ എൽ.ഡി.എഫ്. പ്രവർത്തകർ വരവേൽക്കുകയും, സി.പി.എം. താമരശ്ശേരി ഏരിയാകമ്മിറ്റിയംഗം കെ.സി. വേലായുധൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.
ശേഷം മലവെള്ളപ്പാച്ചിലിൽ മരിച്ച അടിവാരം പൊട്ടിക്കൈ സ്വദേശിനി ഷജീനയുടെ വീട്ടിൽ സന്ദർശനം നടത്തി. പിന്നീട് കൈതപ്പൊയിലിലെ ലിസ കോളേജിലെത്തി വിദ്യാർത്ഥികളുമായി സംവദിക്കുകയും,പുതുപ്പാടിയിലെ സർക്കാർ വിത്തുത്പാദനകേന്ദ്രം, 26-ാം മൈൽ അങ്ങാടി, ഓട്ടോസ്റ്റാൻഡ്, വെസ്റ്റ് കൈതപ്പൊയിൽ, കബനി സോപ്പ് കമ്പനി, മലപുറം ജി.എം.എൽ.പി. സ്കൂൾ എന്നിവിടങ്ങൾ സന്ദർശിക്കുകയും ചെയ്തു.
പര്യടനത്തിന്റെ രണ്ടാംഘട്ടത്തിൽ കോടഞ്ചേരി പഞ്ചായത്തിൽ പ്രവേശിച്ച സ്ഥാനാർഥി കണ്ണോത്ത്, നെല്ലിപ്പൊയിൽ, കോടഞ്ചേരി ടൗൺ, കോടഞ്ചേരി ഗവ. കോളേജ് എന്നിവിടങ്ങളിൽ പ്രചാരണം നടത്തി. ഉച്ചയ്ക്കുശേഷം തിരുവമ്പാടി പഞ്ചായത്തിലെ ജനങ്ങളുമായും സംവദിച്ച ശേഷം, അനുരാഗ് ഓഡിറ്റോറിയത്തിൽ നടന്ന എൽ.ഡി.എഫ്. കൺവൻഷനിലും റാലിയിലും പങ്കെടുത്തു. വൈകീട്ട് കൂടരഞ്ഞി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തുകയും വോട്ടഭ്യർഥിക്കുകയ്യും ചെയ്തു.