എൻ.ഡി.എ കോടഞ്ചേരി പഞ്ചായത്തിൽ കൺവെൻഷൻ നടത്തി

കോടഞ്ചേരി: എൻ.ഡി.എ സ്ഥാനാർത്ഥി നവ്യ ഹരിദാസിന്റെ വിജയം അനിവാര്യമാണെന്ന് അടിവരയിട്ട് പറഞ് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി . എൻ.ഡി.എ കോടഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയനാട് മണ്ഡലത്തിന്റെ വികസന മുരടിപ്പിന് പരിഹാരം എൻ.ഡി.എ സ്ഥാനാർത്ഥി നവ്യയുടെ വിജയമാണെന്നും, അതിനാൽ നരേന്ദ്രമോദി സർക്കാറിന്റെ വികസന നേട്ടങ്ങൾ വയനാട്ടിൽ എത്തിക്കുന്നതിനായി എൻ.ഡി.എ സ്ഥാനാർത്തിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എം.പിമാരുടെ കാലഘട്ടത്തിൽ വയനാട്ടിൽ ഉണ്ടായ നേട്ടങ്ങളെക്കുറിച്ച് ജനങ്ങൾ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയോര മേഖലയിലെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഇ.എസ്.എ വിഷയത്തിൽ 6 തവണ കേന്ദ്രം വിജ്ഞാപനം ഇറക്കി കേരളത്തിന്റെ വാദങ്ങളും പരാതികളും കേൾക്കാൻ ശ്രമിച്ചെങ്കിലും കേരള സർക്കാർ ഈ വിഷയത്തിൽ മൗനം പുലർത്തിയെന്ന് ഗിരീഷ് തേവള്ളി ആരോപിച്ചു. പരിസ്ഥിതി ദുർബല പ്രദേശങ്ങൾ നിശ്ചയിക്കുമ്പോൾ ജനങ്ങളുടെ ആവശ്യം പരിഗണിക്കാതെ കേരള സർക്കാർ കാണിച്ച അനാസ്ഥ ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൺവെൻഷനിൽ രവീന്ദ്രൻ തെയ്യപ്പാറ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി. എ. നാരായണൻ മാസ്റ്റർ, ഷാൻ കട്ടിപ്പാറ, സവിൻകുമാർ, കെ.കെ. വിജു എന്നിവർ പ്രസംഗിച്ചു. രാജേഷ് പി.ആർ സ്വാഗതവും ശിവാനന്ദൻ ടി.ആർ നന്ദിയും പറഞ്ഞു.