ഒരു കോടി തട്ടിപ്പ്: കാരാട്ട് കുറീസിന്റെ മുക്കം ഓഫിസിൽ പൊലീസ് റെയ്ഡ്
മുക്കം: നിക്ഷേപ തട്ടിപ്പ് കേസിൽ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കാരാട്ട് കുറീസിന്റെ മുക്കം ശാഖയിൽ പൊലീസ് റെയ്ഡ് നടത്തി. ഏകദേശം ഒരു കോടി രൂപയോളം തട്ടിയെടുത്തെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. മുക്കം ശാഖയിലെ 800ലധികം നിക്ഷേപകർക്ക് പണമടവ് കിട്ടാതായതോടെയാണ് പ്രശ്നം രൂക്ഷമായത്.
റെയിഡിനായി അടച്ചിട്ട നിലയിലായിരുന്ന ഓഫിസ് ജീവനക്കാരെ വിളിച്ചു വരുത്തിയാണ് തുറന്നത്. കേസ് സംബന്ധിച്ച രേഖകൾ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറു വർഷമായി പ്രവർത്തിച്ചുവരുന്ന ഈ ശാഖ പല നിക്ഷേപകരുടേയും പണം തിരിച്ചുനൽകാതെ ചെക്കുകൾ നൽകിയും പറ്റിച്ചെന്നാണ് പരാതികൾ.
20ലധികം നിക്ഷേപകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ച പൊലീസ്, നിരന്തരമായ പരാതി ഉയർന്നതോടെ സ്ഥാപന ഉടമകൾ മുങ്ങിയതായി വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറം സ്വദേശിയായ സന്തോഷും ഡയറക്ടർ മുബഷിറും പ്രതികളായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
തൃശൂർ, കോഴിക്കോട്, പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിലായി 14 ബ്രാഞ്ചുകളുള്ള കാരാട്ട് കുറീസിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പരാതികൾ ഉയർന്നിട്ടുണ്ട്. മുക്കം എസ്‌ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് റെയ്ഡ്.