ലോക്ഡൗണിൽ മലഞ്ചരക്ക് വിപണി

കോഴിക്കോട്∙ അടയ്ക്ക, കശുവണ്ടി, കൊപ്ര, കുരുമുളകു വിപണികൾ നിശ്ചലം; വ്യാപാരികളും ഗ്രാമീണമേഖലയിലെ കർഷകരും പ്രതിസന്ധിയിൽ. ജില്ലയിൽ ഏറ്റവുമധികം കശുവണ്ടി, കൊപ്ര വ്യാപാരം നടക്കുന്ന വടകരയിലെ അടയ്ക്കാത്തെരു കോവിഡ് ഭീതിയിൽ ഒഴിഞ്ഞുകിടക്കുകയാണ്. ഇതോടെ ആയിരത്തോളം കുടുംബങ്ങളാണു പ്രതിസന്ധിയിലായത്.
വടക്കു, കിഴക്കൻ ഗ്രാമീണ മേഖലകളിൽനിന്നാണ് അടയ്ക്കയും കശുവണ്ടിയും അടക്കമുള്ളവ വടകരയിലേക്ക് എത്തുന്നത്. ചെറുകിട വ്യാപാരികളും കർഷകരും ജീപ്പിലും ഓട്ടോറിക്ഷയിലുമായാണ് ഉൽപന്നങ്ങൾ എത്തിച്ചിരുന്നത്. ഗതാഗതം നിലച്ചതോടെ വരവ് നിലച്ചു. ലോക്ഡൗണിനു മുൻപ് സംഭരിച്ച കൊട്ടത്തേങ്ങ, അടയ്ക്കാ ലോഡുകൾ വടകര അടയ്ക്കാത്തെരുവിലെ വിവിധ കടകളിൽ കെട്ടിക്കിടക്കുകയാണ്
വടകരയിൽനിന്നു നാഗ്പൂരിലേക്കാണു പ്രധാനമായും അടയ്ക്ക കയറ്റി അയയ്ക്കുന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്കും വടകരയിൽനിന്നാണ് അടയ്ക്ക പോവുന്നത്. ലോക്ഡൗണിനുമുൻപ് 230 രൂപ നിരക്കിലാണ് വിറ്റുപോയത്. മഹാരാഷ്ട്ര മേഖലയിൽ രാജാപ്പൂർ കൊപ്ര ഭക്ഷണ ആവശ്യത്തിന് ഉപയോഗിക്കുന്നതാണ്. അതുകൊണ്ട് രാജാപ്പൂർ കൊപ്ര ലോഡ് മാത്രമാണ് ഇതുവരെ കയറ്റി പോയത്.
2 ലോഡ് കൊട്ടത്തേങ്ങയുമായി മാർച്ച് 22ന് വടകരയിൽനിന്നു പോയ ലോറികൾ ഒരു മാസത്തിനുശേഷമാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. ജില്ലയിലെ കാലാവസ്ഥ അനുസരിച്ച് വേനൽക്കാലത്തു മാത്രമാണ് കശുവണ്ടി വിപണിയുള്ളത്. ഈ വിപണി പൂർണമായും ലോക്ഡൗണിൽ തകർന്നു. സംഭരിച്ചുവച്ച കശുവണ്ടികൾ കടകളിൽ കെട്ടിക്കിടക്കുകയാണ്.
30 വർഷത്തിലധികമായി വടകര അടയ്ക്കാത്തെരുവിൽ കച്ചവടം നടത്തിവരികയാണ്. ഇത്രയും പ്രതിസന്ധി നിറഞ്ഞ കാലം ജീവിതത്തിലാദ്യമാണ്. കോഴിക്കോട് വലിയങ്ങാടിയും വടകര അടയ്ക്കാത്തെരുവുമാണ് ജില്ലയിലെ ഏറ്റവും വലിയ രണ്ടു അങ്ങാടികൾ. അടയ്ക്കാത്തെരു പൂർണമായും നിശ്ചലമാണ്. തിരിച്ചുവരവിന് എത്രനാൾ എടുക്കുമെന്ന് ഒരറിവുമില്ല.” – പി.എം.ഹരീന്ദ്രൻ, പിഎംഎച്ച് ട്രേഡേഴ്സ്, അടയ്ക്കാത്തെരു
News from Manorama
https://www.manoramaonline.com/district-news/kozhikode/2020/04/27/kozhikode-lockdown-market.html







