Thiruvambady

തിരുവമ്പാടിയിൽ നാടക സർഗോത്സവം മൂന്നാം പതിപ്പ് ജനുവരി 10 മുതൽ

തിരുവമ്പാടി : തിരുവമ്പാടി ജനചേതനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാടക സർഗോത്സവം മൂന്നാം പതിപ്പ് 2025 ജനുവരി 10, 11, 12 തീയ്യതികളിൽ വൻ വിപുലമായ പരിപാടികളോടെ നടക്കും. നാടിന്റെ സാംസ്കാരിക ചരിത്രത്തിൽ പ്രാധാന്യമാർജിച്ചിരിക്കുന്ന ഈ പരിപാടിയിൽ ഇത്തവണ കൂടുതൽ വൈവിധ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുകയാണ്.

പ്രശസ്ത നാടകസംഘമായ കെ.പി.എ.സിയുടെ ‘ഉമ്മാച്ചു’ എന്ന നാടകം ചടങ്ങിന്റെ മുഖ്യ ഭാഗമാക്കാൻ നിശ്ചയിച്ചിരിക്കുന്നതായി സംഘാടകസമിതി അറിയിച്ചിട്ടുണ്ട്. കൂടാതെ കഥകളി, മുടിയേറ്റ് പോലുള്ള ക്ലാസിക്കൽ-ഫോക് കലാരൂപങ്ങളും ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറും.

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി, നോവലിസ്റ്റ് ഷീല ടോമി, വയലാർ അവാർഡ് ജേതാവ് അശോകൻ ചെരുവിൽ, ചലച്ചിത്ര അവാർഡു ജേതാവ് ബീന ആർ. ചന്ദ്രൻ തുടങ്ങിയവരും പ്രശസ്ത കവികളായ വയലാർ ശരത്ചന്ദ്രവർമ്മ, പി.എൻ. ഗോപീകൃഷ്‌ണൻ, വീരാൻകുട്ടി, പ്രഭാഷകനായ സുനിൽ പി. ഇളയിടം എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

കൂടാതെ,കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്‌ണൻ അടക്കമുള്ള അക്കാദമിക് രംഗത്തെ പ്രമുഖരും അരങ്ങിൽ ഉണ്ടായിരിക്കും

നാടക സർഗോത്സവത്തിന്റെ ആദ്യദിനം ഇരുപതോളം പ്രമുഖ ചിത്രകാരർ സംഗമിക്കുന്ന ചിത്രകലാ ക്യാമ്പോടെ തുടക്കമാവും. തുടർന്ന് ഫോക്‌ലോർ സെമിനാറും കവിതാ ശില്പശാലയും നടക്കും.

പരിപാടി തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിലും പരിസരത്തെ തുറന്ന വേദികളിലുമായി മൂന്നു ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ്. നാടകാസ്വാദകരുടെയും കലാപ്രേമികളുടെയും വലിയൊരു പങ്കാളിത്തം ഉറപ്പാക്കാൻ സംഘാടകസമിതി കർമപ്രവർത്തനത്തിലേർപ്പെട്ടിരിക്കുകയാണ്.

ഈ മഹത്തായ സാംസ്കാരിക മുന്നേറ്റത്തിൽ പങ്കാളികളാവാൻ എല്ലാവരെയും സാദരം ക്ഷണിക്കുന്നതായി ഡോ. ജെയിംസ് പോൾ (ജനചേതന ഡയറക്ടർ), ഡോ. അബ്ബാസ് അലി ടി.കെ. (ഫെസ്റ്റിവൽ ഡയറക്ടർ), കെ.ആർ. ബാബു (ജനറൽ കോഓർഡിനേറ്റർ) എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button