കായികനയം ആദ്യമായി നടപ്പാക്കിയത് കേരളത്തിൽ ; മന്ത്രി അബ്ദുറഹിമാൻ
മുക്കം : കഴിഞ്ഞ നാലുവർഷത്തിനിടെ കേരളത്തിലെ കായികമേഖലയിൽ പതിനായിരത്തിലധികം സ്ഥിരംതൊഴിൽ സൃഷ്ടിച്ചതായും, രാജ്യത്ത് ആദ്യമായി കായികനയം നടപ്പാക്കിയ സംസ്ഥാനം കേരളമാണെന്നും കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. മുക്കം ഹയർസെക്കൻഡറി സ്കൂളിൽ ഒന്നരക്കോടി രൂപ ചെലവിൽ നിർമിച്ച ടർഫ് മൈതാനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായികമേഖലയിലെ അടിസ്ഥാനവികസനത്തിന് സംസ്ഥാനസർക്കാർ 1400 കോടി രൂപയും സ്വകാര്യമേഖല പതിനായിരം കോടി രൂപയും മുടക്കിയതായും അദ്ദേഹം പറഞ്ഞു. ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനായി. ഫുട്ബോൾതാരം ഐ.എം. വിജയൻ മുഖ്യാതിഥിയായി. സ്കൂൾ സ്പോർട്സ് അക്കാദമി ജഴ്സി പ്രകാശനം മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബുവും ലോഗോപ്രകാശനം വൈസ് ചെയർപേഴ്സൺ കെ.പി. ചാന്ദ്നിയും നിർവഹിച്ചു. ബി.ബി.എം. സി.ഇ.ഒ. ഫസലുറഹ്‌മാൻ പദ്ധതി വിശദീകരിച്ചു.
ഇന്ത്യൻ ഫുട്ബോൾതാരം സക്കീർ, സ്കൂൾ മാനേജർ വത്സൻ മഠത്തിൽ, മുക്കം നഗരസഭാ കൗൺസിലർമാരായ വേണു കല്ലുരുട്ടി, അശ്വതി സനൂജ്, ഗഫൂർ കല്ലുരുട്ടി, പ്രജിതാ പ്രദീപ്, എം.ടി. വേണുഗോപാലൻ, ഗഫൂർ കല്ലുരുട്ടി, മുക്കം ഉപജില്ലാ എ.ഇ.ഒ. ടി. ദീപ്തി, മുക്കം എജുക്കേഷൻ സൊസൈറ്റി ട്രഷറർ ശ്രീജാ മഠത്തിൽ, മുക്കം ഓർഫനേജ് പ്രസിഡൻറ് വി. മരക്കാർ, സി.ഇ.ഒ. അബ്ദുള്ളക്കോയ, പ്രിൻസിപ്പൽ സി.പി. ജംഷീന, പ്രധാനാധ്യാപകൻ സി.എം. മനോജ്, എം.പി.ടി.എ. പ്രസിഡൻറ് സലീല, പി.ടി.എ. വൈസ് പ്രസിഡൻറ് ജയപ്രകാശ്, ഇൻറർനാഷണൽ റഫറി ടി.വി. അരുണാചലം, പൂർവവിദ്യാർഥി സംഘടനാ പ്രസിഡൻറ് രാജേശൻ വെള്ളാരംകുന്നത്ത്, റോട്ടറി ഇൻറർനാഷണൽ ഡിസ്ട്രിക്ട് ചെയർമാൻ കെ.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.
കോരിച്ചൊരിയുന്ന മഴയത്താണ് ചടങ്ങിൽ മുഖ്യാതിഥിയായ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ പ്രസംഗിക്കാനെത്തിയത്. വേദിക്കുസമീപത്തുള്ള, പുതുതായിനിർമിച്ച ടർഫ് മൈതാനത്ത് മഴയെ കൂസാതെ ഫുട്ബോൾകളിക്കുകയായിരുന്ന കൊച്ചുകുട്ടികളെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു- ഇങ്ങനെയുള്ള പുതുതലമുറയിലാണ് കായിക ഇന്ത്യയുടെ പ്രതീക്ഷ. ഇതുകേട്ടതോടെ കുട്ടികൾ പ്രിയതാരത്തെനോക്കി ആർപ്പുവിളികളുമായി തുള്ളിച്ചാടി. തന്നെ രാജ്യമറിയപ്പെടുന്ന ഒരു ഫുട്ബോൾതാരമാക്കിയത് മലബാറാണെന്നും താൻ ഏറ്റവുംകൂടുതൽ സെവൻസ് കളിച്ചത് മലപ്പുറത്താണെന്നും പറഞ്ഞതോടെ വേദിയിൽ നിറഞ്ഞകൈയടി. സ്കൂളിലെ ഭിന്നശേഷി വിദ്യാർഥിക്ക് വീൽച്ചെയർ കൈമാറി, ആരാധകർക്കൊപ്പം ഫോട്ടോയെടുത്തശേഷമാണ് അദ്ദേഹം മടങ്ങിയത്. തുടർന്ന് മൈതാനത്തുനടന്ന സൗഹൃദ ഫുട്ബോൾമത്സരങ്ങളിൽ സ്കൂൾ ഫുട്ബോൾ ടീം-പ്രസ് ക്ലബ് മുക്കം, മുക്കം പോലീസ് സ്റ്റേഷൻ-മുക്കം ഫയർ സ്റ്റേഷൻ, കെ.വി.വി.ഇ.എസ്.-സ്കൂളിലെ പൂർവവിദ്യാർഥിക്കൂട്ടായ്മ, വോക്കിങ് ക്ലബ് മുക്കം-എന്റെ മുക്കം സന്നദ്ധസേന ടീമുകൾ മാറ്റുരച്ചത് കാഴ്ചക്കാർക്ക് കൗതുകമായി.