കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ വൻ സാമ്പത്തിക അഴിമതി; കുറ്റക്കാരെ ശിക്ഷിക്കണമെന്ന്; കേരളാ കോൺഗ്രസ്

കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ലക്ഷ കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി ജില്ലാ തല ആരോഗ്യ ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തിയതോടെ വലിയ വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. ആശുപത്രിയിലെ ഓപി, ലാബ് ഫീസ് തുടങ്ങിയവയിൽ നിന്നും ലഭിച്ച വരുമാനങ്ങൾ അക്കൗണ്ടിൽ അടക്കാത്തതും ആശുപത്രി വികസന സമിതി ഫണ്ടിൽ നിന്നും ഏകദേശം നാല് ലക്ഷം രൂപയുടെ ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്.
മാസങ്ങളായി ആശുപത്രി വികസന സമിതി യോഗങ്ങൾ നടത്താതെയോ, നടത്തിയാൽ പോലും പ്രതിപക്ഷ പാർട്ടികളിലെ സമിതി അംഗങ്ങളെ അറിയിക്കാതെയോ യോഗം നടത്തുന്ന സാഹചര്യത്തിൽ, ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ദിവസേന നൂറുകണക്കിന് പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന സാമ്പത്തിക അഴിമതിക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരും, ഇതിന് പിന്തുണ നൽകിയ പഞ്ചായത്ത് ഭരണസമിതിയും കനത്ത ശിക്ഷയ്ക്ക് പാത്രരാണെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്രഹാം കുഴുമ്പിൽ ആവശ്യപ്പെട്ടു.
കേരളാ കോൺഗ്രസ് സംഘടിപ്പിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ജെയിംസ് വേളശ്ശേരിൽ അദ്ധ്യക്ഷത വഹിച്ചു. നിയോ. പ്രസിഡന്റ് ജോണി പ്ലാക്കാട്ട്, ജില്ലാ സെക്രട്ടറിമാരായ ജോസ് ഞാവള്ളിൽ, ബിനോയി തങ്കപ്പൻ, മണ്ഡലം പ്രസിഡന്റ് ബ്ലസൻ കുന്നേൽ, ബേബി തൊട്ടിയിൽ, സാബു കുഴുമ്പിൽ, തോമസ് നടുപറമ്പിൽ, ബെന്നി തൃക്കണശേരിൽ, ബിനു കുറ്റിക്കൊമ്പിൽ, ബിജു ടി. കെ., സി. ജോ. തുടങ്ങി നേതാക്കൾ പ്രസംഗിച്ചു.
സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ ശക്തമായ ജനകീയ സമരവുമായി മുന്നോട്ട് പോകുമെന്ന് കേരളാ കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.