വനനിയമ ഭേദഗതി ഫോറസ്റ്റ് ഗുണ്ടാരാജിന് വഴിയൊരുക്കും; ഫാർമേഴ്‌സ് റിലീഫ് ഫോറം ജില്ലാകമ്മിറ്റി

തിരുവമ്പാടി : വനനിയമ ഭേഗതി സംസ്ഥാന സർക്കാരിന്റെ ഫോറസ്റ്റ് ഗുണ്ടാ രാജിന് വഴിയൊരുക്കുന്നതാണെന്നും ഉടൻ പിൻവലിക്കണമെന്നും ഫാർമേഴ്‌സ് റിലീഫ് ഫോറം ജില്ലാകമ്മിറ്റി. കേരള വനനിയമഭേദഗതി 2024 27, 52, 63 വകുപ്പുകൾ പ്രകാരം വനംവകുപ്പിന് അനിയന്ത്രിതമായ അധികാരം നൽകുന്ന നിയമഭേദഗതി കർഷകരോടുളള വെല്ലുവിളിയാണ്.
ഇതുവഴി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വാറന്റുപോലുമില്ലാതെ എവിടെയുംകയറി പരിശോധിക്കാനും അറസ്റ്റ് ചെയ്യുവാനുമുള്ള അധികാരമാണ് ലഭിക്കുന്നത്. രൂക്ഷമായ വന്യമൃഗശല്യത്താൽ ദുരിതമനുഭവിക്കുന്ന കർഷകരെ പരിഗണിക്കുന്നില്ല. വനാതിർത്തിയിൽ കർഷകന്റെ ഭൂമിയോട് ചേർന്നുകിടക്കുന്ന ജണ്ടയുടെ കല്ലിളകുകയോ നിലവിലുള്ള സൗരോർജവേലി സംവിധാനങ്ങൾ വന്യമൃഗങ്ങൾ തകർക്കുകയോ ചെയ്താൽ കർഷകന്റെ പേരിൽ കേസെടുക്കുന്ന തരത്തിലാണ് നിയമഭേദഗതി.
വനംവകുപ്പിനുകീഴിൽ പുഴകളുടെയും തോടുകളുടെയും മറ്റ് അനുബന്ധസ്ഥലങ്ങളും കൊണ്ടുവരുന്നതോടൊപ്പം പുഴകളിലും തോടുകളിലും പരിപൂർണ മീൻപിടിത്തനിയന്ത്രണവും കൊണ്ടുവരുന്നു. കൃഷിയിടങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളെ പടക്കംപൊട്ടിച്ചും മറ്റും ഓടിക്കുന്ന കർഷകർക്കെതിരേ കേസെടുക്കാൻ കഴിയുന്നവിധത്തിലാണ് നിയമഭേദഗതി -യോഗം ചൂണ്ടിക്കാട്ടി. കെ.വി. ജോർജ് അധ്യക്ഷനായി. സാലസ് നരിക്കുഴി, വിൽസൻ വെള്ളാരംകുന്നേൽ, മോളി ജോർജ് ഇടത്ത്‌കൈക്കൽ, ദേവസ്യ കാളംപറമ്പിൽ, രാജു അറമത്ത്, ടോമി മറ്റത്തിൽ, ഷാജി അറയ്ക്കൽ എന്നിവർ സംസാരിച്ചു.