റോഡ് കല്യാണത്തിന്റെ ആവേശത്തിൽ കലാശക്കൊട്ടുമായി സൗത്ത് കൊടിയത്തൂർ; പിരിച്ചെടുത്തത് 5 ലക്ഷത്തോളം രൂപ

മുക്കം ∙ പുട്ടും പപ്പടവും മൺചട്ടിക്കച്ചവടവും ഒരു ഭാഗത്ത്, ഉപ്പിലിട്ടതും ഉണ്ണിയപ്പവും നാടൻ പച്ചക്കറികളും വളയും മാലയുമെല്ലാം വാങ്ങാൻ നാട്ടുകാരുടെയും അയൽനാട്ടുകാരുടെയും നീണ്ട നിരയും മറുഭാഗത്ത്. പഴയ കാല ഗാനങ്ങൾ കൂടിയായതോടെ നാട്ടുകാർക്കെല്ലാം പഴയകാലത്തേക്കു തിരിച്ചു പോയ അനുഭവമായിരുന്നു. പുതിയ തലമുറയ്ക്ക് ലെയ്സും ചട്ടിപ്പത്തിരിയുമൊക്കെയായി ഫുഡ് ഫെസ്റ്റും ഒരുക്കിയിരുന്നു. റോഡ് വികസനത്തിന് ഫണ്ട് സമാഹരിക്കുന്നതിന് റോഡ് കല്യാണം നടത്തിയതിനു പിറകെയാണ് കൊടിയത്തൂർ പഞ്ചായത്തിലെ സൗത്ത് കൊടിയത്തൂർ നിവാസികൾ ഫണ്ട് സമാഹരണത്തിനു കലാശക്കൊട്ടും നടത്തിയത്. ഇതിലൂടെ സമാഹരിക്കാനായത് 5 ലക്ഷം രൂപയുമാണ്. വെസ്റ്റ് കൊടിയത്തൂരിലെ കലാശക്കൊട്ട് കക്ഷി രാഷ്ട്രീയ നാട്ടുചിന്തകൾക്കതീതമായി നാട്ടുകാരുടെ സ്നേഹകൂട്ടായ്മയായിരുന്നു.
വർഷങ്ങളായി കാത്തിരിക്കുന്ന റോഡ് വികസനം സാധ്യമാക്കുന്നതിനു വ്യത്യസ്തമായ റോഡ് കല്യാണം നടത്തി ജനശ്രദ്ധ നേടിയ വെസ്റ്റ് കൊടിയത്തൂർ ഗ്രാമമാണ് വ്യത്യസ്തമായ രീതിയിൽ കലാശക്കൊട്ട് സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 13,14,16 വാർഡുകളുടെ സംഗമ ദേശമായ വെസ്റ്റ് കൊടിയത്തൂരിൽ നിന്ന് എരഞ്ഞിമാവ്- മാവൂർ- കോഴിക്കോട് പാതയിലെ ഇടവഴിക്കടവിലേക്ക് എത്തുന്ന 1.2 കിലോമീറ്റർ റോഡിന്റെ വികസനത്തിനാണ് വെസ്റ്റ് കൊടിയത്തൂർ വികസന സമിതിയുടെ നേതൃത്വത്തിൽ റോഡ് കല്യാണത്തിനു ശേഷം കലാശക്കൊട്ട് സംഘടിപ്പിച്ചത്.