സൗത്ത് ഇന്ത്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; തമിഴ്നാട് ജോയ് യൂണിവേഴ്സിറ്റി ജേതാക്കൾ
മുക്കം : അഖിലേന്ത്യാ അന്തർസർവകലാശാല ദക്ഷിണപൂർവമേഖല പുരുഷവിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പ് പൂൾ ഡി മത്സരത്തിൽ തമിഴ്നാട് ജോയ് യൂണിവേഴ്സിറ്റി ജേതാക്കൾ. കലാശപ്പോരിൽ കേരള യൂണിവേഴ്സിറ്റിയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തകർത്താണ് തമിഴ്നാട് ജോയ് യൂണിവേഴ്സിറ്റി ജേതാക്കളായത്.ഇരുടീമുകളും ആക്രമിച്ചും പ്രതിരോധിച്ചും മുന്നേറിയപ്പോൾ ആദ്യപകുതി ഗോൾരഹിതമായി. രണ്ടാംപകുതിയിലാണ് തമിഴ്നാട് ജോയ് യൂണിവേഴ്സിറ്റി ഇരുഗോളും നേടിയത്.
മണാശ്ശേരി എം.എ.എം.ഒ. കോളേജിലെ ടർഫ് മൈതാനത്ത് നടന്ന ചാമ്പ്യൻഷിപ്പിൽ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, കേരളം എന്നിവിടങ്ങളിൽനിന്നുള്ള 22 ടീമുകളാണ് ഏറ്റുമുട്ടിയത്.എം.എം.ഒ. കമ്മിറ്റി സി.ഇ.ഒ. വി. അബ്ദുള്ളകോയ ഹാജി ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. ടീം അംഗങ്ങൾക്കുള്ള മെഡലുകൾ ഐ.എസ്.എൽ. മുംബൈ സിറ്റി താരം നൗഫൽ അണിയിച്ചു.
റണ്ണേഴ്സ് ട്രോഫി എം.എം.ഒ. പ്രസിഡന്റ് വി. മരക്കാർ ഹാജി കൈമാറി. കോളേജ് പി.ടി.എ. വൈസ് പ്രസിഡന്റ് റസാഖ് കൊടിയത്തൂർ ടീം അംഗങ്ങൾക്ക് മെഡൽ കൈമാറി. ഒ.എം. അബ്ദുറഹിമാൻ, ജാസിർ, മുഹമ്മദ് ചെറുവാടി, ഡോ. മുജീബ് അമ്പലക്കണ്ടി എന്നിവർ സംസാരിച്ചു.