സ്നേഹവീടിന്റെ താക്കോൽദാനം നിർവഹിച്ചു

കൊടിയത്തൂർ : വർഷങ്ങളായി അടച്ചുറപ്പില്ലാത്ത പ്ലാസ്റ്റിക് ഷെഡ്ഡിനുള്ളിൽ താമസിച്ചിരുന്ന അഞ്ചംഗകുടുംബം ഇനി സ്നേഹവീടിന്റെ തണലിൽ. സുമനസ്സുകളുടെ കൂട്ടായ്മയിൽ നിർമിച്ചുനൽകിയ സ്നേഹവീട് കുടുംബത്തിന് കൈമാറി.
ഗോതമ്പറോഡ് മസ്ജിദുൽ മഅ്വ മഹല്ലിന്റെയും ജമാഅത്തെ ഇസ്‌ലാമി യൂണിറ്റിന്റെയും സഹകരണത്തോടെ ഗോതമ്പറോഡ് യൂണിറ്റ് ടീം വെൽഫെയർ സന്നദ്ധപ്രവർത്തരുടെ മേൽനോട്ടത്തിലാണ് ചേലാംകുന്ന് നാലുസെന്റിൽ വീടുനിർമാണം പൂർത്തീകരിച്ചത്.
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാനസെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. കുടുംബത്തിനുവേണ്ടി യുവവ്യവസായി എം.എ. ഫൈസൽ താക്കോൽ ഏറ്റുവാങ്ങി. പി. അബ്ദുസത്താർ അധ്യക്ഷനായി.
വാർഡംഗം രതീഷ് കളക്കുടിക്കുന്നത്ത്, ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡന്റ് ഇ.എൻ. അബ്ദുറസാഖ്, ജ്യോതി ബസു കാരക്കുറ്റി, മഹല്ല് ഖാസി ആദിൽ, ഗ്രാമപ്പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, സാലിം ജീറോഡ് ബാവ പവർവേൾഡ് എന്നിവർ സംസാരിച്ചു. സ്നേഹവീട് നിർമാണ കമ്മിറ്റി കൺവീനർ പി.കെ. അശ്‌റഫ്, എൻജിനിയർ പി. ഷഫീഖ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.