തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പായുടെ നിർമാണം പുരോഗമിക്കുന്നു
തിരുവമ്പാടി : മലയോര, കുടിയേറ്റ നിവാസികളുടെ ചിരകാലാഭിലാഷമായ തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പായുടെ നിർമാണം പുരോഗമിക്കുന്നു. നഗരത്തിൽനിന്നും ഒരു കിലോമീറ്റർ അകലെ കറ്റിയാടാണ് സബ് ഡിപ്പോയും ബസ് സ്റ്റേഷനും ഉയരുന്നത്. 2.79 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്.
ഒന്നരവർഷംകൊണ്ട് പൂർത്തിയാക്കണമെന്നാണ് നിർമാണ കരാർ. കഴിഞ്ഞ മേയ് മാസത്തിലണ് നിർമാണ പ്രവൃത്തി ആരംഭിച്ചത്. ഒരു വർഷത്തിനകം തന്നെ യാഥാർഥ്യമാക്കുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ ജനുവരി നാലിന് ശനിയാഴ്ച ഡിപ്പോ സന്ദർശിക്കും. ഡിപ്പോ നിർമാണം സംബന്ധിച്ച് അവലോകനയോഗവും ചേരും. ട്രാൻസ്പോർട്ട് ബസുകൾമാത്രം സർവീസ് നടത്തുന്ന കക്കാടംപൊയിൽ, പൂവാറൻതോട്, ആനക്കാംപൊയിൽ, മുത്തപ്പൻപുഴ തുടങ്ങി ഒട്ടേറെ പ്രദേശങ്ങളാണ് മേഖലയിലുള്ളത്. മണിക്കൂറുകൾ ഇടവിട്ടാണ് പലയിടങ്ങളിലേക്കും ബസ്സുളളത്. സ്വകാര്യബസ് സർവീസുകളില്ലാത്ത റൂട്ടുകളിൽ എത്തിപ്പെടാൻ മലയോരനിവാസികൾ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. ഡിപ്പോ യാഥാർഥ്യമാകുന്നതോടെ കൂടുതൽ ദീർഘദൂര, ഹ്രസ്വദൂര ബസുകൾ അനുവദിക്കുമെന്നത് വലിയ ആശ്വാസമാകും.
തിരുവമ്പാടി ബസ് സ്റ്റാൻഡിനോട് ചേർന്ന് കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ഓഫീസുകളുമുണ്ട്. പ്രളയത്തിൽ മുങ്ങുന്നയിടത്താണ് 13 വർഷമായി താത്കാലിക ഗാരേജ് പ്രവർത്തിക്കുന്നത്. വെള്ളക്കെട്ട് ഭീഷണിമൂലം ബസുകൾ സമീപത്തെ സേക്രഡ് ഹാർട്ട് ചർച്ച് വളപ്പിലേക്ക് മാറ്റുകയാണ് പതിവ്. ഗാരേജും ഓഫീസുകളുമെല്ലാം സബ് ഡിപ്പോ വരുന്ന കറ്റിയാടിലേക്ക് മാറ്റും.