Kerala

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരുമാസമായി പുതിയ കേസുകള്‍ ഇല്ലാതിരുന്ന വയനാട്ടിലും രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 499 ആയി. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വയനാട് ഒരാള്‍ക്കും കണ്ണൂര്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസമായി പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലയായിരുന്നു വയനാട്. അതെസമയം ഇന്ന് എട്ട് പേര്‍ക്ക് കൊവിഡ് ഭേദമായി. കണ്ണൂര്‍ ആറ് പേര്‍ക്കും ഇടുക്കിയില്‍ രണ്ട് പേര്‍ക്കുമാണ് ഇന്ന് രോഗം ഭേദമായത്. നിലവില്‍ 96 പേര്‍ ചികിത്സയിലുണ്ട്.

സംസ്ഥാനത്ത് ആകെ 21894 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 21494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലുമാണുള്ളത്. ഇന്ന് 80 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 31183 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 30358 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുകൂടാതെ മുന്‍ഗണന ഗ്രൂപ്പുകളിലെ 2093 അയച്ചതില്‍ 1234 എണ്ണം നെഗറ്റീവായി എന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Back to top button