Mukkam

മോഹിനിയാട്ടത്തിൽ അരങ്ങേറ്റംകുറിക്കാൻ വനിതാകൂട്ടായ്മ

മുക്കം : നൃത്തംപഠിക്കാനും അരങ്ങേറ്റംകുറിക്കാനും മനസ്സുണ്ടെങ്കിൽ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കാൻ വയോധികർ ഉൾപ്പെട്ട മുക്കത്തെ വനിതാകൂട്ടായ്മ. പ്രായം അറുപത് പിന്നിട്ടവരും റിട്ട. അധ്യാപികമാരുമായ അരുണ അനിൽകുമാറിന്റെയും ശോഭനാ നാരായണൻകുട്ടിയുടെയും നേതൃത്വത്തിലുള്ള പന്ത്രണ്ടംഗസംഘമാണ് പ്രായം വെറും അക്കമാണെന്ന് കാണിച്ച് മോഹിനിയാട്ടത്തിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നത്.

22 വയസ്സുകാരിയും പി.ജി. വിദ്യാർഥിനിയുമായ ഐശ്വര്യയും സർക്കാർജീവനക്കാരും വീട്ടമ്മമാരും സംഘത്തിലുണ്ട്. ഫെബ്രുവരി രണ്ടിന് ഗുരുവായൂർ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലെ വേദിയിൽ ഇവർ മോഹിനിയാട്ടത്തിൽ അരങ്ങേറ്റംകുറിക്കും. മുക്കം കല്ലുരുട്ടി സ്വദേശിയും നൃത്താധ്യാപകനുമായ രാജൻ കല്ലുരുട്ടിയുടെ ശിക്ഷണത്തിൽ മൂന്നുവർഷത്തോളംനീണ്ട പരിശീലനത്തിനൊടുവിലാണ് ഇവർ അരങ്ങേറ്റത്തിനൊരുങ്ങുന്നത്.

40 വർഷത്തോളമുള്ള നൃത്താധ്യാപനജീവിതത്തിൽ ആദ്യമായാണ് ഇത്രയും പ്രായംചെന്നവരെ പഠിപ്പിക്കുന്നതെന്നും തുടക്കത്തിലെ പ്രയാസങ്ങൾ ഇവർ വളരെവേഗം മറികടന്നെന്നും അധ്യാപകൻ രാജൻ കല്ലുരുട്ടി പറഞ്ഞു.

നൃത്തംപഠിക്കണമെന്ന ഏറെനാളത്തെ ആഗ്രഹമാണ് സഫലമാകുന്നതെന്നും തങ്ങളുടെ അരങ്ങേറ്റം മറ്റുള്ളവർക്ക് പ്രചോദനമാകുമെങ്കിൽ അതാണ് വലിയനേട്ടമെന്നും അരുണയും ശോഭനയും പറയുന്നു. നൃത്താധ്യാപകന്റെയും സഹപ്രവർത്തകരുടെയും വീട്ടുകാരുടെയും പിന്തുണയാണ് തങ്ങൾക്ക് പ്രചോദനമായതെന്നും ഇവർ പറയുന്നു. മോഹിനിയാട്ടത്തിലെ ‘ജതിസ്വരം, പതം, അജിതാഹരേ…’ എന്നുതുടങ്ങുന്ന കൃഷ്ണസ്തുതിയാണ് ഇവർ അരങ്ങിൽ അവതരിപ്പിക്കാൻ പോകുന്നത്. അരങ്ങേറ്റം മികവുറ്റതാക്കാൻ ഇപ്പോഴും കഠിനപരിശീലനത്തിലാണ് ഈ വനിതാകൂട്ടായ്മ.

Related Articles

Leave a Reply

Back to top button