പ്രതീക്ഷയുടെ പാതയിൽ തുരങ്കപാത നിർമാണം ഈ വർഷംതന്നെ ആരംഭിക്കും

മുക്കം : സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതികളിലൊന്നായ ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപാത പ്രതീക്ഷയുടെ പാതയിൽ. പാരിസ്ഥിതികാനുമതിക്കായുള്ള അവസാനവട്ട ഹിയറിങ് ഈ മാസം നടത്തി നിർമാണം ഉടൻ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ കമ്മിറ്റിയുടെ അനുമതി ലഭിച്ചാൽ പ്രവൃത്തി ആരംഭിക്കാനാകും. ശാസ്ത്രജ്ഞർ, പരിസ്ഥിതിപ്രവർത്തകർ, ജനപ്രതിനിധികൾ, ഐ.എ.എസ്. ഉദ്യോഗസ്ഥർ തുടങ്ങിയവരടങ്ങിയ കമ്മിറ്റി കഴിഞ്ഞതവണ യോഗംചേർന്നശേഷം പദ്ധതിപ്രദേശം സന്ദർശിച്ചിരുന്നു.
വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ പദ്ധതിക്ക് അനുമതി ലഭിക്കുന്ന കാര്യത്തിൽ ആശങ്ക ഉയർത്തിയെങ്കിലും
ടൗൺഷിപ്പിന് സർക്കാർ അനുമതി നൽകിയതോടെ തുരങ്കപാത പദ്ധതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ഭോപാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലീപ് ബിൽഡ് കോൺ കമ്പനിക്കാണ് പദ്ധതിയുടെ നിർമാണച്ചുമതല. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2134 കോടി രൂപ ചെലവിലാണ് തുരങ്കപാത നിർമിക്കുന്നത്. 8.1 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ടത്തുരങ്കം രാജ്യത്തെ നീളംകൂടിയ മൂന്നാമത്തെ തുരങ്കപാതയാണ്. പത്തുമീറ്റർ വീതിയുള്ള രണ്ട് തുരങ്കപാതയാണ് പദ്ധതിക്കായി നിർമിക്കുക. 300 മീറ്റർ ഇടവിട്ട് ക്രോസ്‌വേകളുമുണ്ടാകും. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ മറിപ്പുഴയിൽനിന്ന് ആരംഭിച്ച് വയനാട് ജില്ലയിലെ കള്ളാടി മീനാക്ഷി പാലത്തിൽ അവസാനിക്കുന്നതാണ് പാത.
മറിപ്പുഴയിൽ നിർമിക്കുന്ന വലിയ പാലം അവസാനിക്കുന്നിടത്തുനിന്നാണ് തുരങ്കം ആരംഭിക്കുക. ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ 93.12 കോടി ചെലവിൽ ആർച്ച് പാലവും നാലുവരി സമീപനറോഡും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടുഘട്ടമായാണ് ടെൻഡർ ക്ഷണിച്ചിരുന്നത്.