കരിയാത്തൻപാറ റീസർവേ ആവശ്യം ശക്തം

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ പൊന്നാങ്കയം കരിയാത്തൻപാറ പ്രദേശത്തെ ഏക്കറുകണക്കിന് ഭൂമിക്ക് നാഥനില്ലാത്ത അവസ്ഥ. പുല്ലൂരാംപാറയിൽനിന്ന് അഞ്ചുകിലോമീറ്റർ അകലെ കുന്നിൻപ്രദേശത്ത് പത്തേക്കറോളം സ്ഥലം കാലങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണ്.
കൂറ്റൻ പാറകൾ ഉൾപ്പെടുന്ന സ്ഥലം പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലില്ല. റവന്യൂ വകുപ്പിന്റെ അധീനതയിലാണ് ഭൂമിയെന്നറിയുന്നു. പ്രകൃതിരമണീയമായ സ്ഥലം വിനോദസഞ്ചാര സൗകര്യത്തിനായി ഉപയോഗപ്പെടുത്താവുന്നതാണ്. കാടുമൂടിക്കിടക്കുന്ന സ്ഥലം പൊതു ആവശ്യത്തിനായി ഉപയോഗപ്പെടുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിരിക്കയാണ്.
വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പറമ്പുകളുടെ മധ്യഭാഗത്തായാണ് കരിയാത്തൻപാറയുള്ളത്. സമീപത്തുകൂടെ റോഡുണ്ടെങ്കിലും കാടുപിടിച്ചുകിടക്കുന്നതിനാൽ ഉപയോഗശൂന്യമായി കിടക്കുകയാണ്. സർക്കാർഭൂമി അന്യാധീനപ്പെടുന്നത് തടയാൻ റിസർവേ നടത്തി അതിർത്തി നിർണയിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി. പാറക്കൂട്ടങ്ങൾക്കിടയിലെ ഏതാനും മരങ്ങൾ മുറിച്ചുമാറ്റിയതിനാൽ പാറകൾ ഇളകിനിൽക്കുന്നത് സമീപവാസികൾക്ക് ഭീഷണിയാണ്. കാർഷികോത്പന്നങ്ങൾ ഉണക്കാനുംമറ്റും കർഷകർ ഉപയോഗപ്പെടുത്തുന്ന പാറയാണിത്. ഒട്ടേറെ കുടുംബങ്ങൾ കന്നുകാലികൾക്കാവശ്യമായ പുല്ലുംമറ്റും ശേഖരിച്ചിരുന്നതും ഇവിടെനിന്നായിരുന്നു.
ധാരാളം കർഷകകുടുംബങ്ങൾ ആശ്രയിച്ചുവരുന്ന ഭൂപ്രദേശമാണ് വ്യക്തികൾ കൈയേറാൻ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. കൈയേറ്റം തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാർ താമരശ്ശേരി തഹസിൽദാർക്ക് ഭീമഹർജി നൽകി.