Thiruvambady

മലതുരന്ന് ഹൈടെക് പന്നിഫാം: ആക്‌ഷൻ കമ്മിറ്റി പ്രക്ഷോഭത്തിന്

തിരുവമ്പാടി : ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മേലെ പൊന്നാങ്കയത്ത് മലതുരന്ന് ആരംഭിക്കാനിരിക്കുന്ന പന്നിഫാമിന് അനുമതിനൽകാനുള്ള തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് നീക്കത്തിൽ പ്രതിഷേധം ശക്തമാക്കാൻ ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽച്ചേർന്ന ജനകീയകൺവെൻഷനിൽ തീരുമാനം. 45-ൽ അധികം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്താണ് പരിസ്ഥിതിമാനദണ്ഡങ്ങൾ ലംഘിച്ച് ഹൈടെക് ഫാമിന് നീക്കം. മണ്ണൊലിപ്പ് ശക്തമായതിനാൽ മലവെള്ളപ്പാച്ചിലിൽ ഫാമിലെ അവശിഷ്ടങ്ങൾ കിണറുകളും തോടുകളും ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളിൽ കലരാനുള്ള സാധ്യതയേറെയാണ്. ഇക്കാര്യം ഗ്രാമപ്പഞ്ചായത്ത് അധികൃതരെ ഒട്ടേറെത്തവണ നേരിട്ടറിയിച്ചിട്ടും ഫാമിന് അനുമതിനൽകാനുള്ള നീക്കമാണ് നടക്കുന്നത്.

ഇതിനെതിരേ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കാനാണ് തീരുമാനം. തോട്ടിലൂടെ ഒഴുകുന്ന ജലം മറ്റ് പന്നിഫാമുകളിലെ അവശിഷ്ടങ്ങൾ കലർന്നതായതിനാൽ ആരോഗ്യവകുപ്പ് വെള്ളം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭൂമിയുടെ ചെരിവുനിർണയിക്കുന്നതിന് ജിയോളജി വകുപ്പിന്റെ സഹകരണംതേടാനും യോഗം തീരുമാനിച്ചു. ഗ്രാമപ്പഞ്ചായത്തംഗം രാധാമണി ദാസൻ അധ്യക്ഷയായി. ആക്‌ഷൻ കമ്മിറ്റി ചെയർമാൻ സാബു അമ്പലവേലി, കൺവീനർ ചന്ദ്രൻ കട്ടത്തറ, ഇ.കെ. സാജു, സുധൻ പിറവിക്കോട്ട്, ജോസ്‌കുട്ടി മണിക്കൊമ്പേൽ, ചിതംബരൻ പിറവിക്കോട്ട് എന്നിവർ സംസാരിച്ചു. അതേസമയം, നിശ്ചിത മാനദണ്ഡങ്ങൾക്ക് വിധേയമായാണ് ഫാം ആരംഭിക്കുന്നതെന്നാണ് ഉടമകളുടെ വിശദീകരണം.

Related Articles

Leave a Reply

Back to top button