മലയോര ഹൈവേ കോടഞ്ചേരി കക്കാടംപൊയിൽ റീച്ചിന്റെ ഉദ്ഘാടനവും,മലപുറം- കോടഞ്ചേരി റീച്ചിന്റെ പ്രവർത്തി ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു

കൂടരഞ്ഞി: വ്യവസായ വളർച്ചയിലും നിക്ഷേപസൗഹൃദാന്തരീക്ഷത്തിലും കേരളത്തെ ഒന്നാമതെത്തിച്ചതിൽ റോഡുകളുടെ വികസനം വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയോര ഹൈവേയുടെ പണിപൂർത്തിയായ കോടഞ്ചേരി- കക്കാടംപൊയിൽ റീച്ചിന്റെ ഉദ്ഘാടനവും മലപുറം- കോടഞ്ചേരി റീച്ചിന്റെ നിര്‍മാണ പ്രവർത്തി ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമ നഗരഭേദമില്ലാതെ അതിവേഗം നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് കേരളം. അതുകൊണ്ടാണ് ആറുവരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാതയ്ക്കു പുറമേ മലയോര, തീരദേശപാതകൾ കൂടി കൊണ്ടുവരുന്നത്. ഇതിനു രണ്ടിനും മാത്രം പതിനായിരം കോടിയോളം രൂപ ചെലവുണ്ട്. അത് കിഫ്ബി വഴി സംസ്ഥാന സർക്കാരാണ് ചെലവഴിക്കുന്നത്. ആ തുക ചെലവഴിക്കപ്പെടുന്ന കാഴ്ചയാണ് കണ്‍മുന്നില്‍ കാണുന്നത്. അതോടൊപ്പം കോവളം- ബേക്കൽ ജലപാതകൂടി വളരെ വേഗം പൂര്‍ത്തിയായിവരികയാണ്. വടകരയ്ക്ക് വടക്കോട്ട് ചില പുതിയ കനാലുകൾകൂടി വരേണ്ടതുണ്ട്. അതും താമസിയാതെ സാധ്യമാകും. ജലപാത യാത്രക്കാർക്കുമാത്രമല്ല ചരക്കുഗതാഗതത്തിനും ഉപയുക്തമായിരിക്കും. അങ്ങനെ ഗതാഗതസൗകര്യത്തിൽ കേരളം വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2016 മുതലുള്ള തുടർച്ചയായ പ്രവർത്തനത്തിലൂടെയും ചട്ടങ്ങളിലും നയങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തിയും വകുപ്പുകളെ ഏകോപിപ്പിച്ചുമൊക്കെയാണ് ഇത് സാധ്യമാക്കിയതെന്നും ഈ മാറ്റങ്ങൾ കേരളത്തെ ഇനിയും വലിയതോതിൽ മുന്നോട്ടു നയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നടക്കില്ലെന്ന് പലരും പറഞ്ഞ പദ്ധതികളാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും മലയോരങ്ങളെ ബന്ധിപ്പിച്ച് മലയോര ഹൈവേ എന്നൊരു പാത ഉണ്ടാകില്ല. കാർഷിക- ടൂറിസം മേഖലയ്ക്ക് ഇതിലൂടെ വലിയ കുതിപ്പാണ് ഉണ്ടാകാൻ പോകുന്നത്. വികസനം നടപ്പാക്കാൻ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനമാണ് ആവശ്യമെന്നും അതാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ലിന്റോ ജോസഫ് എം.എൽ.എ, മുൻ എം.എൽ.എ. ജോർജ്. എം. തോമസ്, കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജുമുന്നീസ ഷെരീഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സൺ, കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് ഡയറക്ടർ എം. അശോക് കുമാർ, യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി തുടങ്ങിയവർ പ്രസംഗിച്ചു.
34 കിലോമീറ്റർ ദൈർഘ്യമുള്ള കോടഞ്ചേരി- കക്കാടംപൊയിൽ റീച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കേരള റോഡ് ഫണ്ട് ബോര്‍ഡാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. ഊരാളുങ്കൽ ലേബർ സൊസൈറ്റി ആണ് റീച്ചിന്റെ നിർമാണം കരാർ എടുത്ത് പൂർത്തിയാക്കിയത്.