സർക്കാരിന്റെ ജനവഞ്ചനക്കെതിരെ കത്തോലിക്ക കോൺഗ്രസ്

കോടഞ്ചേരി: കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് സമ്മേളനം പാരിഷ് ഹാളിൽ നടത്തി. താമരശ്ശേരി രൂപത പ്രസിഡന്റ് ഡോക്ടർ ചാക്കോ കാളംപറമ്പിൽ മുഖ്യ പ്രഭാഷണത്തിൽ 1971 ലെ ഫോറസ്റ്റ് വെസ്റ്റിംഗ് ആൻഡ് അസൈൻമെൻ്റ് ആക്ടിന്, പൊതുസമൂഹം അറിയാതെ, ഭേദഗതി വരുത്തി 2023 ജൂലൈയിൽ സർക്കാർ പുറപ്പെടുവിച്ച ഭേദഗതി ആക്ടിലൂടെ സാധാരണക്കാരുടെ കൈവശമിരിക്കുന്ന പട്ടയഭൂമി പിടിച്ചെടുക്കാൻ വനം വകുപ്പിന് ഒത്താശ ചെയ്തു കൊടുക്കുന്ന സർക്കാരിൻ്റെ നയത്തിൽ കത്തോലിക്കാ കോൺഗ്രസിന്റെ ശക്തമായ പ്രതിഷേധം രേഖപെടുത്തി .
ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധികളെയെല്ലാം അതിലംഘിച്ചുകൊണ്ട് പട്ടയം പോലും റദ്ദാക്കി കർഷകരുടെ റവന്യൂ ഭൂമി പിടിച്ചെടുക്കുവാനുള്ള ഈ സ്വകാര്യനീക്കം കത്തോലിക്കാ കോൺഗ്രസ് ശക്തമായി തന്നെ നേരിടുമെന്ന് അദ്ദേഹം പ്രസ്ഥാവിച്ചു .കോടഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠത്തിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം താമരശ്ശേരി രൂപത ഡയറക്ടർ ഫാ. സബിൻ തൂമുള്ളിൽ ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഫോറോനാ ഡയറക്ടർ റെക്ടർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ ഈ കാലഘട്ടത്തിലെ കത്തോലിക്ക കോൺഗ്രസ്സിന്റെ പ്രസക്തിയെ കുറിച്ച് സംസാരിച്ചു. സെക്രട്ടറി ഷില്ലി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച യോഗത്തിന് ബിബിൻ കുന്നത്ത് നന്ദി പറഞ്ഞു.
രൂപത സെക്രട്ടറി ഷാജി കണ്ടത്തിൽ, വൈസ് പ്രസിഡന്റ് അൽഫോൻസ, ട്രഷറര്‍ സജി കരോട്ട്, ഫോറോനാ പ്രസിഡന്റ് ജോസഫ് ആലവേലിൽ, ജസ്റ്റിൻ തറപ്പേൽ ,സീന റോസ് എന്നിവർ പ്രസംഗിച്ചു.ഈ വർഷം നടപ്പാക്കാൻ പോകുന്ന വിവിധ പദ്ധതികളെ കുറിച്ച് യോഗം ചർച്ച ചെയ്തു. സമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്ന് നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകി.