പ്രത്യേക പാൽ ഗുണമേന്മ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കൂടരഞ്ഞി : കേരള സർക്കാർ ക്ഷീരവികസന വകുപ്പ് 2024-25 വർഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഗുണ നിയന്ത്രണ വിഭാഗവും, കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘവും സംയുക്തമായി പ്രത്യേക പാൽ ഗുണമേന്മ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജെറീന റോയിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മേരി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് ശ്രീ ജിനേഷ് തെക്കനാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിന് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി സീന ബിജു, ബിന്ദു ജയൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സംഘം ഡയറക്ടർമാരായ പ്രിൻസ് കാര്യപ്പുറം, സഫിയ ഖലീൽ, അജീഷ് കെ. തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ഭക്ഷ്യ സുരക്ഷയും പാലിന്റെ ഗുണനിലവാരവും, പശുക്കളുടെ ശാസ്ത്രീയ പരിപാലനം തുടങ്ങിയ വിഷയങ്ങളിൽ ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണ നിയന്ത്രണ ഓഫീസർ ശ്രീമതി എൻ ശ്രീകാന്തി, മിൽമ വെറ്റിനറി ഓഫീസർ ഡോ.ആരിഫ അബ്ദുൽ ഖാദർ എന്നിവർ ക്ലാസുകൾ എടുത്തു. കൊടുവള്ളി ബ്ലോക്ക് ക്ഷീര വികസന ഓഫീസർ ശ്രീമതി റെജിമോൾ ജോർജ് പരിപാടിക്ക് നന്ദി പറഞ്ഞു.