Mukkam

റോഡരികിൽ കൂട്ടിയിട്ട മരങ്ങൾ യാത്രക്കാർക്ക് ഭീഷണി

മുക്കം : റോഡരികിൽ കൂട്ടിയിട്ട മരങ്ങൾ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകടഭീഷണിയാകുന്നു. പൊതുമരാമത്തുവകുപ്പിന്റെ ഉടമസ്ഥതയിലുള്ള എൻ.ഐ.ടി.-മുത്തേരി റോഡിൽ വട്ടോളിപ്പറമ്പ് അങ്ങാടിയിലെ മരമില്ലിനുസമീപമാണ് കൂറ്റൻ മരത്തടികൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്. മരത്തടികൾ റോഡിലേക്ക് തള്ളിനിൽക്കുന്നതിനാൽ വാഹനങ്ങൾക്ക് വശംകൊടുക്കാൻ പറ്റാത്ത അവസ്ഥയാണെന്നും വഴിയാത്രക്കാർക്ക് ഭീഷണിയാണെന്നും നാട്ടുകാർ പറയുന്നു.

മില്ലിന് തൊട്ടുമുന്നിലാണ് എൽ.പി. സ്കൂൾ പ്രവർത്തിക്കുന്നത്. ഒട്ടേറെ വാഹനാപകടങ്ങൾ ഇതിനകം ഈ ഭാഗത്തുണ്ടായിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏട്ടോടെ രണ്ട് ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടു. മരത്തടിയിൽത്തട്ടി ഗുരുതര പരിക്കേറ്റ മുക്കം കച്ചേരി ചെന്നലേരികുഴി മണികണ്ഠൻ കോഴിക്കോട് മെഡിക്കൽ കോളേജിലും വട്ടോളിപ്പറമ്പ് എടക്കാട്ടുപറമ്പിൽ സുഗദീഷ് മക്കളായ വേദിക , വേദശ്രീ എന്നിവർ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും ചികിത്സതേടി. അപകടത്തിന് വഴിയൊരുക്കുന്ന മരത്തടികൾ എത്രയുംവേഗം റോഡിൽനിന്ന് നീക്കംചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒപ്പുശേഖരണം നടത്തി കളക്ടർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.

Related Articles

Leave a Reply

Back to top button