സൗരോർജവേലി പിഴുതെറിഞ്ഞ് കാട്ടാന

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ മേലേ പൊന്നാങ്കയത്ത് വീണ്ടും കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ചു. മണിക്കൊമ്പേൽ ജോസ്‌കുട്ടിയുടെ കവുങ്ങ്, ജാതി, റബ്ബർ തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.
ജോസ്‌കുട്ടി തന്റെ കൃഷിയിടത്തോടുചേർന്ന് സ്വന്തം ചെലവിൽ സ്ഥാപിച്ച സൗരോർജവേലി പിഴുതെടുത്താണ് ഒറ്റയാനെത്തിയത്. വേലിയാകെ ചവിട്ടിമെതിച്ചിട്ടനിലയിലാണ്. 35,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ജോസ്‌കുട്ടി പറഞ്ഞു. കാട്ടാനയ്ക്കുപുറമേ പന്നി, കുരങ്ങ് ശല്യം രൂക്ഷമായ പ്രദേശമാണിത്.കഴിഞ്ഞമാസം പുലിയോട് സാമ്യമുള്ള ജീവിയെയും കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. തെങ്ങ്, കവുങ്ങ്, റബ്ബർ, ജാതി, കൊക്കോ തുടങ്ങിയ വിളകൾ വ്യാപകമായി കൃഷിചെയ്യുന്ന പ്രദേശമാണിത്. ബാങ്കിൽനിന്ന് വായ്പയെടുത്തും മറ്റുമാണ് പലരും കൃഷിയിറക്കിയത്.
വിളവെടുപ്പിന് പാകമാകുംമുൻപേ വന്യമൃഗങ്ങളെത്തി കൃഷിനശിപ്പിക്കുകയാണ്. നഷ്ടപരിഹാരം വൈകുന്നതായി കർഷകർ പരാതിപ്പെടുന്നു. വനാതിർത്തിയിലെ സൗരോർജവേലികൾ കാലഹരണപ്പെട്ട് ഉപയോഗശൂന്യമാണ്.
വന്യമൃഗശല്യം രൂക്ഷമായതോടെ ജീവഭയത്താൽ പത്തോളം കുടുംബങ്ങൾ വീടുതന്നെ ഉപേക്ഷിക്കുകയുണ്ടായി. ഇവർ താഴ്‌വാരത്തിൽ വാടകവീടുകളിലാണ് ഇപ്പോൾ വസിക്കുന്നത്. നിലവിൽ 15 കർഷകകുടുംബങ്ങളാണ് വന്യജീവിഭീഷണിയുമായി കഴിയുന്നത്. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് തിരുവമ്പാടി നായർകൊല്ലി സെക്‌ഷൻ പരിധിയിൽപ്പെടുന്ന കാടോത്തിക്കുന്ന് പ്രദേശത്തിന്റെ ഭാഗമാണിത്.